യുഎന്‍ വിലക്ക് നോക്കുകുത്തിയാക്കി ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം
വോന്‍സാന്‍ നഗരത്തില്‍ നിന്നാണ് ഉത്തരകൊറിയ രണ്ട്മുസുടാന്‍ മിസൈലുകള്‍ വിക്ഷേപിച്ചത്.
ഐക്യരാഷ്ട്രസഭയുടെ വിലക്ക് മറികടന്ന് വീണ്ടും ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം നടത്തി. വോന്‍സാന്‍ നഗരത്തില്‍ നിന്നാണ് ഉത്തരകൊറിയ രണ്ട്മുസുടാന്‍ മിസൈലുകള്‍ വിക്ഷേപിച്ചത്. മിസൈല്‍ വിക്ഷേപണത്തിനെതിരെ ദക്ഷിണകൊറിയയും ജപ്പാനും അമേരിക്കയും രംഗത്തെത്തി.
2500 മുതല്‍ 4000 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള രണ്ട് മിസൈലുകളാണ് ഉത്തരകൊറിയ വിക്ഷേപിച്ചത്. ആദ്യസംരംഭം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് രണ്ടാമതും പരീക്ഷണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ആണവായുധങ്ങള്‍ നിര്‍മിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് ശേഷം ബാലിസ്റ്റിക് മിസൈല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിന് ഉത്തരകൊറിയക്ക് ഐക്യരാഷ്ട്രസഭയുടെ വിലക്കുണ്ടായിരുന്നു. ഇത് മറികടന്നാണ് ഉത്തര കൊറിയ തദ്ദേശീയമായി വികസിപ്പിച്ച മുസുടാന്‍ മിസൈല്‍ പരീക്ഷിച്ചത്. ഉത്തരകൊറിയയുടെ നടപടി കടുത്ത പ്രകോപനമുണ്ടാക്കുന്നതാണെന്നും ഇത് ഐക്യരാഷ്ട്രസഭ കരാറിന്റെ ലംഘനമാണെന്നും ദക്ഷിണകൊറിയ ആരോപിച്ചു. രണ്ട് മിസൈലുകളും ജപ്പാന്‍ കടലിലാണ് കണ്ടെത്തിയത്. ഉത്തരകൊറിയയുടെ നടപടിയെ അപലപിച്ച് ജപ്പാനും രംഗത്തെത്തി. സ്വന്തം സുരക്ഷക്കും സഖ്യകക്ഷികളുടെ സുരക്ഷക്കും പ്രാധാന്യം നല്‍കുമെന്ന് അമേരിക്ക അറിയിച്ചു. ഇതിനുമുമ്പ് നാല് തവണ ഉത്തരകൊറിയ ആണവപരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്.