അയര്‍ലണ്ടിന്റെ ആപ്പിള്‍ പ്രേമത്തിന് യൂറോപ്യന്‍ യൂണിയന്റെ തിരിച്ചടി
പിഴത്തുകയടക്കം ആയിരത്തി മൂന്നൂറ് കോടി യൂറോ തിരിച്ചടക്കാന്‍ ആപ്പിളിന്‍ യൂറോപ്യന്‍ യൂണിയന്റെ നിര്‍ദേശം. തീരുമാനത്തെ നിയമപരമായി നേരിടുമെന്ന് ആപ്പിള്‍ അറിയിച്ചു.
ആപ്പിള്‍ കമ്പനിക്ക് അയര്‍ലണ്ട് സര്‍ക്കാര്‍ അന്യായമായി നികുതി ഇളവ് നല്‍കിയെന്ന് യൂറോപ്യന്‍ യൂണിയന്‍. പിഴത്തുകയടക്കം ആയിരത്തി മൂന്നൂറ് കോടി യൂറോ തിരിച്ചടക്കാന്‍ ആപ്പിളിന്‍ യൂറോപ്യന്‍ യൂണിയന്റെ നിര്‍ദേശം. തീരുമാനത്തെ നിയമപരമായി നേരിടുമെന്ന് ആപ്പിള്‍ അറിയിച്ചു.
ആപ്പിളിന് കഴിഞ്ഞ രണ്ട് ദശാബ്ദമായി അന്യായമായി നികുതി ഇളവ് നല്‍കിയെന്നാണ് യൂറോപ്യന്‍ യൂണിയന്‍ കണ്ടെത്തിയത്. ഇളവ് ചെയ്യപ്പെട്ട നികുതിയും അതിന്റെ പലിശയുമടക്കം തിരിച്ചടക്കാനാണ് ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായ രാജ്യങ്ങളില്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് അന്യായമായി നികുതി ഇളവ് നല്‍കരുതെന്നാണ് തീരുമാനം. ഇത് അവഗണിച്ചതിനാല്‍ അയര്‍ലണ്ട് സര്‍ക്കാരും പ്രതിക്കൂട്ടിലാണെന്ന് യൂറോപ്യന്‍ യൂണിയന്‍ പറയുന്നു. ഇത് അംഗരാജ്യങ്ങള്‍ക്കുള്ള താക്കീതാണെന്നും യൂണിയന്‍ പറയുന്നു.
യൂറോപ്യന്‍ യൂണിയന്‍ ഒരു കമ്പനിയുടെ മേല്‍ ചുമത്തുന്ന ഏറ്റവും ഉയര്‍ന്ന പിഴത്തുകയാണിത്. ആപ്പിളിനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ് ഇത് മൂലം ഉണ്ടാകുക. ആപ്പിളിന്റെ ഓഹരിയില്‍ 3 ശതമാനം ഇടിവ് ഇതിനോടകം രേഖപ്പെടുത്തി. ഇത് യൂറോപിലെ തൊഴില്‍ മേഖലയിലും നിക്ഷേപത്തിലും തിരിച്ചടിയുണ്ടാക്കുമെന്നും ആപ്പിള്‍ പറയുന്നു. യൂറോപ്യന്‍ യൂണിയന്‍ തീരുമാനത്തെ നിയമപരമായി നേരിടാനാണ് ആപ്പിളിന്റെ തീരുമാനം.