പാനമ പേപ്പര്‍ വിവാദം: രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയത് ഹാക്കിങ്ങിലൂടെ
കമ്പനിക്ക് പുറത്തുനിന്ന് നിയമവിരുദ്ധമായി നടത്തിയ ഹാക്കിങ്ങിലൂടെയാണ് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയതെന്ന് മൊസാക് ഫൊന്‍സേക സ്ഥാപകത്തിലെ റാമണ്‍ ഫൊന്‍സേക ആരോപിച്ചു
പാനമ പേപ്പര്‍ വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. കമ്പനിക്ക് പുറത്തുനിന്ന് നിയമവിരുദ്ധമായി നടത്തിയ ഹാക്കിങ്ങിലൂടെയാണ് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയതെന്ന് മൊസാക് ഫൊന്‍സേക സ്ഥാപകത്തിലെ റാമണ്‍ ഫൊന്‍സേക ആരോപിച്ചു. ഗുരുതരമായ കുറ്റകൃത്യമാണിതെന്നും ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടുണ്ടെന്നും റാമണ്‍ ഫൊന്‍സേക പറഞ്ഞു.
രണ്ടുദിവസം മുന്‍പാണ് മധ്യ തെക്കന്‍ അമേരിക്കന്‍ രാജ്യമായ പാനമയില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനും നികുതി വെട്ടിപ്പ് നടത്തുന്നതിനും സഹായവും ഉപദേശവും നല്‍കി പ്രവര്‍ത്തിക്കുന്ന മൊസ്സാക് ഫോന്‍സേക എന്ന സ്ഥാപനത്തിലെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്. വിവിധ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും കായികതാരങ്ങളും സിനിമാതാരങ്ങളുമടക്കം പല പ്രമുഖരുടെയും പേരുകള്‍ പട്ടികയിലുണ്ട്. പട്ടിക പുറത്തായ സാഹചര്യത്തില്‍ പല രാജ്യങ്ങളും അന്വേഷണം നടത്തിവരികയാണ്. ഇതിനിടെയാണ് രേഖകള്‍ ചോര്‍ന്നത് ഹാക്കിങിലൂടെയാണെന്ന് കമ്പനി സ്ഥാപകാംഗം ആരോപിച്ചത്.
സംഭവത്തെ വലിയ വിവാദമാക്കിയ മാധ്യമങ്ങളെയും റാമണ്‍ വിമര്‍ശിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളദിമിര്‍ പുടിന്‍, പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവരുടെ ബന്ധുക്കളും പട്ടികയിലുണ്ട്. ഫുട്ബോള്‍ താരം ലയണല്‍ മെസി, മിഷേല്‍ പ്ലാറ്റിനി, ബ്രസീല്‍, ഉറുഗ്വെ, ഇംഗ്ലണ്ട്, തുര്‍ക്കി, സെര്‍ബിയ, നെതര്‍ലന്‍റ്സ് സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഫുട്ബോള്‍ താരങ്ങളും പട്ടികയിലുണ്ട്. പാനമ പട്ടികയില്‍ പേരുണ്ടായിരുന്ന ഐസ്‌ലാന്‍ഡ് പ്രധാനമന്ത്രി പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാജി വെച്ചു.