പാക് ആണവായുധങ്ങള്‍ തീവ്രവാദികള്‍ കൊള്ളയടിക്കാന്‍ സാധ്യതയേറെ: യുഎസ് റിപ്പോര്‍ട്ട്
പ്രഹരശേഷി കൂടിയ ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കവെ പാകിസ്താനിലെ അണുവായുധങ്ങള്‍ തീവ്രവാദികളുടെ കൈകളിലെത്താന്‍ സാധ്യതയേറെയെന്ന് അമേരിക്കന്‍ മുന്നറിയിപ്പ്.
പ്രഹരശേഷി കൂടിയ ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കവെ പാകിസ്താനിലെ അണുവായുധങ്ങള്‍ തീവ്രവാദികളുടെ കൈകളിലെത്താന്‍ സാധ്യതയേറെയെന്ന് അമേരിക്കന്‍ മുന്നറിയിപ്പ്. യുഎസ് ഗവേഷണ ഗ്രൂപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മുന്നറിയിപ്പ് നല്‍കുന്നത്. ആണവ സുരക്ഷാ സമ്മിറ്റിനു മുന്നോടിയായാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
പാകിസ്താന്റെ ആണവായുധങ്ങള്‍ തീവ്രവാദികള്‍ കൈക്കലാക്കാന്‍ സാധ്യതയേറെയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പാകിസ്താന്‍ അണുവായുധങ്ങള്‍ വികസിപ്പിക്കുമ്പോഴും അതിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്നില്ല. രാജ്യത്ത് അട്ടിമറികളുണ്ടാകാനുള്ള സാധ്യതയും ഇതുവഴി മാരകമായ അണുവായുധങ്ങള്‍ തീവ്രവാദികളുടെ കൈകളിലെത്തിപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഒരു പ്രമുഖ അമേരിക്കന്‍ നയതന്ത്രജ്ഞന്‍ സമാന ആശങ്ക പങ്കുവെച്ച് ദിവസങ്ങള്‍ക്കകമാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. വികസ്വര രാജ്യങ്ങളില്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതില്‍ പാകിസ്താന്‍ കൈവരിച്ച വേഗത മറ്റു ചില രാഷ്ട്രങ്ങള്‍ക്ക് മാത്രമെ അവകാശപ്പെടാന്‍ കഴിയൂ. എന്നാല്‍ ലോകത്തിന് തന്നെ ഭീഷണി ഉയര്‍ത്തുന്ന തീവ്രവാദ സംഘങ്ങള്‍ തമ്പടിച്ചിരിക്കുന്ന പാകിസ്താനില്‍ ഈ ആയുധങ്ങള്‍ എത്ര മാത്രം സുരക്ഷിതമാണെന്ന കാര്യം സംശയമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ കാല്‍ലക്ഷത്തോളം സൈനികരാണ് പാക് ആണവായുധങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്.