അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ആഭ്യന്തര ഉല്‍പ്പാദന നിരക്ക് 6.5 ശതമാനമായിരിക്കുമെന്ന് ചൈന
ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈന കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6.5നും 7 ശതമാനത്തിനുമിടയില്‍ വളര്‍ച്ച കൈവരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്
2017 സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദന നിരക്ക് 6.5 ശതമാനമായിരിക്കുമെന്ന് ചൈന. പ്രായോഗികമാക്കാനാവുമെങ്കില്‍ മാത്രമെ ഇതിലും ഉയര്‍ന്ന വളര്‍ച്ചാനിരക്ക് രാജ്യത്തിന് ലക്ഷ്യമിടാനാവൂവെന്ന് പ്രധാനമന്ത്രി ലീ കെകിയാങ് അറിയിച്ചു. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്‍റെ വാര്‍ഷിക യോഗത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് ഷി ജിന്‍ പിങ് അംഗീകാരം നല്‍കിയ റിപ്പോര്‍ട്ടാണ് യോഗത്തില്‍ അവതരിപ്പിച്ചത്.
ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈന കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6.5നും 7 ശതമാനത്തിനുമിടയില്‍ വളര്‍ച്ച കൈവരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് വാര്‍ഷിക യോഗത്തില്‍ വെച്ച സര്‍ക്കാരിന്‍റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രകാരം 2016ല്‍ രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തര ഉല്‍പാദനനിരക്ക് 6.7ശതമാനമായിരുന്നു. ഇത്തവണ 6.5 ശതമാനം മൊത്ത ആഭ്യന്തര ഉല്‍പാദനനിരക്കാണ് ചൈന ലക്ഷ്യം വെക്കുന്നത്. 20വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ജീവിത നിലവാരം ഉയര്‍ത്തിയും തൊഴിലവസരം ഉറപ്പാക്കിയും വളര്‍ച്ച കൈവരിക്കാനാണ് രാജ്യം ഉദ്ദേശിക്കുന്നതെന്നും ലെ കെകിയാങ് വ്യക്തമാക്കി. സര്‍ക്കാര്‍ നടപടികളെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും തീരുമാനമുണ്ട്.
2020ഓടെ പൂര്‍ണമായും അഭിവൃദ്ധിപ്പെട്ട രാജ്യമായി ചൈനയെ മാറ്റുക ലക്ഷ്യമിട്ടാണ് ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ഒക്ടോബറില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചര്‍ച്ച ചെയ്ത് പ്രസിഡന്‍റ് ഷീ ജിന്‍പിങ് അംഗീകാരം നല്‍കിയ റിപ്പോര്‍ട്ടാണ് നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് വാര്‍ഷിക യോഗത്തില്‍ അവതരിപ്പിച്ചത്.
കാലാവധി പൂര്‍ത്തിയാകുന്ന പ്രസിഡന്‍റ് ഷി ജിന്‍ പിങിന് പകരം പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുന്ന പ്രക്രിയയും ഈ സാന്പത്തിക വര്‍ഷമാണ് നടക്കാനിരിക്കുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും നിര്‍ണായകമായ സാമ്പത്തിക വര്‍ഷമാണ് ചൈനയ്ക്ക് 2017.