ഐ എസിനും കുര്‍ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടിക്കുമെതിരെ നിലപാട് കടുപ്പിച്ച് തുര്‍ക്കി
കഴിഞ്ഞ ദിവസം വിവാഹചടങ്ങിനിടെയുണ്ടായ ഭീകരാക്രമണത്തില്‍ അറുപതോളംപേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ്
ഐഎസിനും കുര്‍ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടിക്കുമെതിരെ പോരാട്ടം ശക്തമാക്കി തുര്‍ക്കി. ഐ എസ് കേന്ദ്രമായ ജരാബ്ലസിലും കുര്‍ദ് സ്വാധീന മേഖലയായ മാന്‍ബിജിലും സൈന്യം ആക്രമണം നടത്തി. കഴിഞ്ഞ ദിവസം വിവാഹചടങ്ങിനിടെയുണ്ടായ ഭീകരാക്രമണത്തില്‍ അറുപതോളംപേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നിലപാട് കടുപ്പിച്ച് തുര്‍ക്കി രംഗത്തെത്തിയത്.
അതിര്‍ത്തികളില്‍ ഇന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ തുരത്താന്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് വിദേശകാര്യമന്ത്രി അറിയിച്ചു. നാറ്റോ അംഗവും അമേരിക്കന്‍ സഖ്യസേനയുടെ ഭാഗവുമായ തുര്‍ക്കി ഐെസിന്റെ മുഖ്യശത്രുവായി മാറിയിരിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന് പിന്നാലെയാണ് തുര്‍ക്കി നിലപാട് കടുപ്പിച്ചത്. അങ്കാരയിലെ കുര്‍ദിഷ് വിവാഹച്ചടങ്ങിനെയുണ്ടായ ആക്രമണത്തില്‍ 22 കുട്ടികളുള്‍പ്പെടെ 54 പേരാണ് കൊല്ലപ്പെട്ടത്. രാജ്യത്ത് ഈ വര്‍ഷമുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് അങ്കാറയിലേത്. 12നും പതിനാലിനും ഇടക്കുള്ള ചാവേര്‍ ബാലനാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആണ് ആക്രമണം നടത്തിയതെന്ന് പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഗാന്‍ പ്രതികരിച്ചു.
2015 ജൂലൈയിലും ഒക്ടോബറിലും സുറുക് നഗരത്തിലും കുര്‍ദിഷ് പ്രവര്‍ത്തകരുടെ റാലിക്കിടയിലും ഉണ്ടായ ചാവേറാക്രമണത്തിലും ഉപയോഗിച്ച അതേ ഉപകരണങ്ങള്‍ തന്നെയാണ് അങ്കാറയിലും ഉപയോഗിച്ചതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. എല്ലാ ആക്രമണങ്ങളും ആസൂത്രണം ചെയ്തത് ഐഎസ് ആണെന്നാണ് ആരോപണം. കുര്‍ദുകളെ ലക്ഷ്യം വെച്ചാണ് ഐഎസ് ആക്രമണങ്ങള്‍. അതേസമയം സിറിയയില്‍ തുര്‍ക്കി പിന്തുണയുള്ള വിമതര്‍ ഐഎസിനെതിരെ ആക്രമണത്തിനൊരുങ്ങുകയാണ്. തുര്‍ക്കി-സിറിയ അതിര്‍ത്തിയിലെ ജാറാബ്ലാസ് നഗരം ഐഎസില്‍ നിന്ന് തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം.