യു.എന്‍ സെക്രട്ടറി ജനറലായി അന്റോണിയോ ഗുട്ടെറസ് സ്ഥാനമേറ്റു
വിവിധ രാജ്യങ്ങള്‍ക്കിടയില്‍ സമാധാനത്തിലൂന്നിയുള്ള നയതന്ത്രം ഊട്ടിയുറപ്പിക്കാന്‍ പ്രയത്നിക്കുമെന്ന ഉറപ്പുനല്‍കിക്കൊണ്ടായിരുന്നു ഐക്യരാഷ്ട്രസഭയുടെ പുതിയ സെക്രട്ടറി ജനറലായി അന്റോണിയോ ഗുട്ടെറസ് സ്ഥാനമേറ്റെടുത്തത്
ഐക്യരാഷ്ട്രസഭയുടെ പുതിയ സെക്രട്ടറി ജനറലായി അന്റോണിയോ ഗുട്ടെറസ് സ്ഥാനമേറ്റെടുത്തു. പുതുവത്സര ദിനത്തിലായിരുന്നു ഗുട്ടെറസ് , ബാന്‍ കി മൂണില്‍ നിന്ന് സ്ഥാനം ഏറ്റുവാങ്ങിയത്. സമാധാനത്തിന് പ്രഥമപ്രാധാന്യം നല്‍കണമെന്ന് ഗുട്ടെറസ് ആഹ്വാനം ചെയ്തു.
2017ല്‍ വിവിധ രാജ്യങ്ങള്‍ക്കിടയില്‍ സമാധാനത്തിലൂന്നിയുള്ള നയതന്ത്രം ഊട്ടിയുറപ്പിക്കാന്‍ പ്രയത്നിക്കുമെന്ന ഉറപ്പുനല്‍കിക്കൊണ്ടായിരുന്നു ഐക്യരാഷ്ട്രസഭയുടെ പുതിയ സെക്രട്ടറി ജനറലായി അന്റോണിയോ ഗുട്ടെറസ് സ്ഥാനമേറ്റെടുത്തത്. തന്റെ പ്രഥമ പരിഗണന സമാധാനം സ്ഥാപിക്കുന്നതിനും സംഘര്‍ഷം പരിഹരിക്കുന്നതിനുമായിരിക്കുമെന്നും അദ്ദേഹംവ്യക്തമാക്കി. മുന്‍ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയും യു.എന്‍ അഭയാര്‍ഥി മേധാവിയുമായിരുന്ന ഗുട്ടെറസ് ഡിസംബര്‍ 12നായിരുന്നു യു.എന്‍ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടത്.ലോകത്തെ വെല്ലുവിളികള്‍ നേരിടുന്നതിന് അംഗരാജ്യങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം ഉറപ്പുവരുത്തുമെന്ന് ഗുട്ടെറസ് പ്രഖ്യാപിച്ചിരുന്നു.
സിറിയ, യമന്‍, ഫലസ്തീന്‍ തുടങ്ങി പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളായിരിക്കും ഗുട്ടെറസിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന വിഷയങ്ങള്‍. ഭീകരവാദവും ആഗോളതാപനവുമടക്കം നിരവധി ആഗോളപ്രതിസന്ധികളും ഗുട്ടെറസിന് മുന്നില്‍ വിഷയങ്ങളായുണ്ട്. എന്നാല്‍ യു.എസില്‍ ജനുവരി 20ന് അധികാരമേല്‍ക്കുന്ന ട്രംപ് ഭരണകൂടം യു.എന്നിന് ഭീഷണിയുയര്‍ത്തുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ബഹുമുഖ സഹകരണത്തോട് നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് താല്‍പര്യം കാണിക്കുന്നില്ലെന്നതും ഗുട്ടെറസിന് മുന്നിലെ വെല്ലുവിളിയാണ്.