ചൈനയില്‍ പ്രളയം; മരണസംഖ്യ 800 കവിഞ്ഞു
ജൂണ്‍ മുതല്‍ ഇതുവരെ 200 പേരെ കാണാതായിട്ടുമുണ്ട്. പല പ്രദേശങ്ങളിലും വെള്ളപ്പൊക്കവും മണ്ണിച്ചിലും തുടരുകയാണ്.
ചൈനയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 800 കവിഞ്ഞതായി ചൈന. ജൂണ്‍ മുതല്‍ ഇതുവരെ 200 പേരെ കാണാതായിട്ടുമുണ്ട്. പല പ്രദേശങ്ങളിലും വെള്ളപ്പൊക്കവും മണ്ണിച്ചിലും തുടരുകയാണ്.
കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ തുടരുന്ന മോശം കാലാവസ്ഥ വലിയ മാറ്റമില്ലാതെ ഇപ്പോഴും തുടരുന്നതായി ചൈനയുടെ ഔദ്യോഗിക മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. കനത്ത പേമാരിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 800 കവിഞ്ഞതായി വ്യക്തമാക്കിയ പത്രം ജൂണ്‍ മുതല്‍ ഇതുവരെ 200 പേരെ കാണാതായതായും വ്യക്തമാക്കി. കഴിഞ്ഞ ദിവസവും രാത്രി ചൈനയുടെ ചില ഭാഗങ്ങളില്‍ 9 സെന്റീമീറ്റര്‍ വരെ മഴ പെയ്തതായും പല പ്രദേശങ്ങളിലും വെള്ളപ്പൊക്കവും മണ്ണിച്ചിലും ഇപ്പോഴും തുടരുന്നതായും പത്രം റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവർത്തനത്തിന് 59,000 സൈനികരെ നിയോഗിച്ച സര്‍ക്കാര്‍ രക്ഷാപ്രവർത്തനങ്ങളിൽ വീഴ്ചവരുത്തിയതിന് നാലു മുതിർന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ സാമ്പത്തിക സഹായമെത്തിക്കുമെന്ന് ചൈനയുടെ കേന്ദ്രബാങ്കും അറിയിച്ചിട്ടുണ്ട്.
അതേസമയം വെള്ളപ്പൊക്കത്തെക്കുറിച്ചു മുന്നറിയിപ്പു നൽകുന്നതിലും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിപ്പാർക്കുന്നതിലും സർക്കാർ പരാജയപ്പെട്ടുവെന്നാരോപിച്ചു പല ഭാഗങ്ങളിലും സര്‍ക്കാറിനെതിരെ ജനങ്ങൾ തെരുവിലിറങ്ങി. വെള്ളപ്പൊക്കത്തില്‍ ഇതുവരെ 5ലക്ഷത്തോളം പേര്‍ ഭവനരഹിതരാവുകയും 85 ലക്ഷത്തോളം പേര്‍ വിവിധ തരത്തില്‍ വെള്ളപ്പൊക്കത്തിന്റെ കെടുതികളനുഭവിക്കുകയും ചെയ്യുന്നുണ്ടെന്നാണ് കണക്ക്.