ഈജിപ്ഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
മെഡിറ്ററേനിയന്‍ കടലില്‍ തകര്‍ന്നു വീണ ഈജിപ്ത് വിമാനത്തില്‍ നിന്ന് അവസാനം വന്ന സന്ദേശത്തെക്കുറിച്ച് സൂചനകള്‍ ലഭിച്ചു. തകര്‍ന്നു വീഴുന്നതിന് തൊട്ടുമുന്പ് വിമാനത്തിന്റെ കാബിനുള്ളില്‍ പുക ഉണ്ടായിരുന്നതായി ഓട്ടോമേറ്റിക് സന്ദേശം അയച്ചിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ .
66 പേരുമായി കാണാതായ ഈജിപ്ഷ്യന്‍ വിമാനത്തിന്‍െറ അവശിഷ്ടങ്ങളും യാത്രക്കാരുടെ സാധനസാമഗ്രികളും അലക്സാന്‍ഡ്രിയയുടെ തീരത്ത് കണ്ടെത്തി. ഈജിപ്തിലെ വടക്കന്‍ നഗരമായ അലക്സാന്‍ഡ്രിയയില്‍ നിന്ന് 290 കി.മീ അകലെയായാണ് വിമാനത്തിന്‍റെ അവശിഷ്ടം കണ്ടെത്തിയതെന്ന് സൈനികര്‍ അറിയിച്ചു.
കാബിനില്‍ പുകയുണ്ടെന്ന സന്ദേശമാണ് ഈജിപ്ത് എയര്‍ എ320 വിമാനത്തില്‍ നിന്ന് അവസാനം ലഭിച്ചത്. ഈ സന്ദേശം എത്തിയതിന് തൊട്ടു പിന്നാലെ ഡാറ്റാ ട്രാന്‍സ് മിഷന്‍ സംവിധാനം വിച്ഛേദിക്കപ്പെട്ടു. വിമാനത്തിന്‍റെ തെരച്ചിലില്‍ സഹകരിക്കുന്ന ഫ്രാന്‍സ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
വിമാനത്താവളവുമായുള്ള ആശയ വിനിമയം നടത്തുന്നതിനുള്ള സംവിധാനത്തില്‍ നിന്നുള്ള വിവരങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിട്ടുള്ളത്. ഈജിപ്ത് എയര്‍ വിമാനത്തില്‍ ടോയ്‌ലറ്റില്‍ സ്മോക്ക് അലാം പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് വ്യോമയാന ഗവേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ദ ഏവിയേഷന്‍ ഹെരാള്‍ഡ് വെബ്സൈറ്റില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുക്കാതെ വിമാനം തകര്‍ന്നതിന്റെ കാരണം ഉറപ്പിക്കാനാവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിമാനം ഐ.എസ് തകര്‍ത്തതാണെന്നും അഭ്യൂഹമുണ്ടായിരുന്നു. സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് വിമാനം തകര്‍ന്നതെന്ന് പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തുകയും ചെയ്തു.
ഈ റിപ്പോര്‍ട്ടില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുമെന്ന് ഈജിപ്ത് അധികൃതര്‍ അറിയിച്ചു. അതിനിടെ വിമാനത്തിന്‍റെ കൂടുതല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താനായിട്ടുണ്ട്. 66 പേരുമായി പാരീസില്‍ നിന്ന് കെയ്റോയിലേക്ക് പറന്ന വിമാനം വ്യാഴാഴ്ചയാണ് കാണാതായത്.