പാരിസ് ഉച്ചകോടി തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ചൈനയും യുഎസും ധാരണ

Update: 2018-02-06 13:00 GMT
പാരിസ് ഉച്ചകോടി തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ചൈനയും യുഎസും ധാരണ
Advertising

കാലാവസ്ഥാവ്യതിയാനം ചെറുക്കുന്നതിനുള്ള പാരിസ് ഉടമ്പടി പ്രാവര്‍ത്തികമാവുന്നു

കാലാവസ്ഥാവ്യതിയാനം ചെറുക്കുന്നതിനുള്ള പാരിസ് ഉടമ്പടി പ്രാവര്‍ത്തികമാവുന്നു. പാരിസ് ഉച്ചകോടിയിലെ തീരുമാനങ്ങള്‍ ഉടന്‍ നടപ്പാക്കാന്‍ ചൈനയും യുഎസും ധാരണയിലെത്തി. ഹാങ്സോ നഗരത്തില്‍ നടന്ന ജി 20 രാഷ്ട്രത്തലവന്മാരുടെ യോഗത്തിലാണ് തീരുമാനം.

ലോകമാകെയുള്ള കാര്‍ബണ്‍ പുറന്തള്ളലിന്റെ 40 ശതമാനവും ചൈനയില്‍ നിന്നും യുഎസില്‍ നിന്നുമാണെന്നിരിക്കെ തീരുമാനം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള ഏക വഴിയാണ് പാരിസ് ഉടമ്പടിയെന്ന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന കാരണമായി കണക്കാക്കുന്നത് കാര്‍ബണ്‍ പുറന്തള്ളലാണ്. അന്തരീക്ഷ താപനിലയിലെ വര്‍ദ്ധന തടയാന്‍ കാര്‍ബണ്‍ പുറന്തള്ളലിനെ ചെറുക്കുമെന്ന് കഴിഞ്ഞ ഡിസംബറില്‍ ചേര്‍ന്ന പാരിസ് കാലാവസ്ഥ ഉച്ചകോടി തീരുമാനിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനം തടയാനുള്ള ലോകത്തിലെ ആദ്യത്തെ ഫലപ്രദമായ തീരുമാനമായിരുന്നു പാരിസ് ഉച്ചകോടിയില്‍ ഉണ്ടായത്. എന്നാല്‍ കാര്‍ബണ്‍ പുറന്തള്ളല്‍ നടത്തുന്ന 55ലധികം രാജ്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമേ കരാര്‍ ഗുണകരമാവുകയുള്ളു. യുഎസിന്റെയും ചൈനയുടെയും തീരുമാനം മറ്റു ജി 20 രാജ്യങ്ങളെയും സമാനമായ രീതിയില്‍ നിലപാടെടുക്കാന്‍ നിര്‍ബന്ധിതരാക്കും.

തീരുമാനം അഭിനന്ദനാര്‍ഹമാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കിമൂണ്‍ പറഞ്ഞു. ആഗോള താപന നിരക്ക് രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് കുറക്കാനുള്ള പാരിസിലെ തീരുമാനം നടപ്പാക്കാന്‍ ഇനിയും വൈകിയാല്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് പരിസ്ഥിതിശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ 14 മാസവും റെക്കോര്‍ഡ് താപനിലയാണ് രേഖപ്പെടുത്തിയത്. വ്യവസായശാലകളിലെ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതിലൂടെയാകും ആഗോള താപന നിരക്ക് രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് കുറക്കുക.

Tags:    

Similar News