ട്രംപിനെ ചൊടിപ്പിച്ച് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം
മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് പ്രസിഡന്‍റ് ട്രംപിന് വിശദമായ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും വൈറ്റ് ഹൌസ് വൃത്തങ്ങള്‍
അമേരിക്കന്‍ പ്രസിഡന്‍റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം ആദ്യ ബാലിസ്റ്റിക് പരീക്ഷണവുമായി ഉത്തരകൊറിയ. ഇന്നു പുലര്‍ച്ചെയാണ് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടന്നത്. ചൈനയോട് തൊട്ടുരുമ്മി കിടക്കുന്ന ബാങ്ഹ്യോന്‍ നഗരത്തിനു സമീപത്തുള്ള സമുദ്രത്തിലാണ് പരീക്ഷണം നടന്നത്, 500 കിലോമീറ്ററോളം സഞ്ചരിച്ച ശേഷമാണ് മിസൈല്‍ നിലംതൊട്ടത്. ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വീണ്ടും നടന്നതായി അമേരിക്കയും ജപ്പാനും വടക്കന്‍ കൊറിയയും സ്ഥിരീകരിച്ചിട്ടുണ്ട്.
ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് പ്രസിഡന്‍റ് ട്രംപിന് വിശദമായ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും വൈറ്റ് ഹൌസ് വൃത്തങ്ങള്‍ അറിയിച്ചു. ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് അമേരിക്കയുടെ പുതിയ പ്രതിരോധ സെക്രട്ടറിയായ ജെയിംസ് മാറ്റിസ് ഉത്തരകൊറിയക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ മാസം വടക്കന്‍ കൊറിയ സന്ദര്‍ശനത്തിനിടെയായിരുന്നു മാറ്റിസിന്‍റെ മുന്നറിയിപ്പ്, അമേരിക്കയെ ആക്രമിക്കാന്‍ ശേഷിയുള്ള ഇന്‍റര്‍ കോണ്ടിനെന്‍റല്‍ ബാലിസ്റ്റിക് മിസൈല്‍ നിര്‍മ്മാണത്തിന്‍റെ അവസാന ഘട്ടത്തിലാണ് തങ്ങളെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പുതുവത്സരത്തില്‍ പ്രഖ്യാപിച്ചിരുന്നു. ഇതൊരിക്കലും സംഭവിക്കില്ലെന്നായിരുന്നു ട്രംപ് ഇതിന് ട്വിറ്ററിലൂടെ നല്‍കിയ മറുപടി.