ആണവായുധ പരീക്ഷണം നിര്‍ത്താനുള്ള കരാറില്‍ ഒപ്പിടാന്‍ സന്നദ്ധമെന്ന് പാക്കിസ്ഥാന്‍

Update: 2018-02-26 13:59 GMT
Editor : Subin
ആണവായുധ പരീക്ഷണം നിര്‍ത്താനുള്ള കരാറില്‍ ഒപ്പിടാന്‍ സന്നദ്ധമെന്ന് പാക്കിസ്ഥാന്‍
Advertising

ആണവായുധ പരീക്ഷണം എന്നത്തേക്കുമായി നിര്‍ത്തിവെക്കുന്ന ഉഭയ കക്ഷി കരാറില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്ന് ഇന്ത്യയെ അറിയിച്ച വിവരം വാര്‍ത്താകുറിപ്പിലൂടെയാണ് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

ആണവായുധ പരീക്ഷണം നിര്‍ത്തിവെക്കുന്ന കരാറില്‍ ഒപ്പിടാന്‍ സന്നദ്ധമാണെന്ന് ഇന്ത്യയോട് പാക്കിസ്ഥാന്‍. പാക് വിദേശ കാര്യ മന്ത്രാലയമാണ് ഇക്കാര്യം ഇന്ത്യയെ അറിയിച്ചത്. നിലവില്‍ ആണവ പരീക്ഷണം നടത്തില്ലെന്ന വാക്കാലുള്ള കരാറാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ളത്. ഇത് നിയയമപരമായ ഉഭയകക്ഷി കരാറാക്കി മാറ്റാമെന്നാണ് പാക്കിസ്ഥാന്‍റ നിര്‍ദേശം.

ആണവായുധ പരീക്ഷണം എന്നത്തേക്കുമായി നിര്‍ത്തിവെക്കുന്ന ഉഭയ കക്ഷി കരാറില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്ന് ഇന്ത്യയെ അറിയിച്ച വിവരം വാര്‍ത്താകുറിപ്പിലൂടെയാണ് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ഓഗസ്ത് 12നാണ് നിര്‍ദേശം മുന്നോട്ട് വെച്ചതെന്ന് വാര്‍ത്ത കുറിപ്പില്‍ പറയുന്നു. ആണവായുധ പരീക്ഷണം നടത്തില്ലെന്ന സ്വമേധയ ഉള്ള ഉറപ്പ് ഇരു രാജ്യങ്ങളും നേരത്തെ നല്‍കിയിട്ടുണ്ട്.

ഇതില്‍ നിന്നും ഇരു രാജ്യങ്ങള്‍ക്കും എപ്പോള്‍ വേണമെങ്കിലും പിന്‍വാങ്ങാം.എന്നാല്‍ ഉഭയകക്ഷി കരാറില്‍ ഒപ്പിട്ടാല്‍, ഏകപക്ഷീയ പിന്‍മാറല്‍ സാധ്യമാകില്ലെന്നും കുറിപ്പ് വ്യക്തമാക്കുന്നു. ദക്ഷിണേഷ്യയിലെ ആയുധ മത്സരത്തിന് അറുതി വരുത്താനും, മേഖലയിലെ സമാധാനം ഉറപ്പ് വരുത്താനും കരാര്‍ ഉപകാരപ്പെടും. ഇരു രാജ്യങ്ങളുടെയും എന്‍എസ്ജി അംഗത്വത്തിന് ഇത് ഗുണം ചെയ്യുമെന്നും വാര്‍ത്ത കുറിപ്പ് വിശദീകരിക്കുന്നു. അതേസമയം പാക്കിസ്ഥാന്‍റെ നിര്‍ദേശത്തെ സംബന്ധിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കാശ്മീരുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ വാക് പോര് രൂക്ഷമാകുന്നതിനിടെയാണ് പാകിസ്ഥാന്‍റെ ഈ നിര്‍ദേശം എന്നത് ഏറെ ശ്രദ്ധേയമാണ്. കാശ്മീര്‍, ബലൂചിസ്ഥാന്‍ വിഷയങ്ങള്‍ ആഗോള വേദികളില്‍ ഉന്നയിക്കപ്പെടുമ്പോള്‍ കൂടുതല്‍ പിന്തുണ നേടിയെടുക്കുക എന്ന തന്ത്രത്തിന്‍റെ ഭാഗമായാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍ ഈ നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത് എന്നാണ് നയതന്ത്ര വിദഗ്ദരുടെ വിലയിരുത്തല്‍.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News