സിറിയയില്‍ സമാധാന ചര്‍ച്ച പുനരാരംഭിക്കുമെന്ന് യുഎന്‍ സ്ഥാനപതി
യുഎന്‍ സുരക്ഷാ സമിതിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷം പുതിയ ചര്‍ച്ചകള്‍ക്കുള്ള തീയതി തീരുമാനിക്കും
സിറിയയില്‍ സമാധാന ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് സിറിയയിലെ യുഎന്‍ സ്ഥാനപതി സ്റ്റെഫാന്‍ ഡി മിസ്തുര. യുഎന്‍ സുരക്ഷാ സമിതിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷം പുതിയ ചര്‍ച്ചകള്‍ക്കുള്ള തീയതി തീരുമാനിക്കും. എന്നാല്‍ റമദാന്‍ മാസത്തിന് ശേഷമെ സമാധാന ചര്‍ച്ചകള്‍ക്ക് അസദ് ഭരണകൂടം തയ്യാറാകാകുകയുള്ളൂവെന്നാണ് സൂചന.
സിറിയയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ചകള്‍ എത്രയും പെട്ടെന്ന് പുനരാരംഭിക്കാന്‍ ധാരണയായത്. യുഎന്‍ സുരക്ഷാ സമിതിയുമായി ചര്‍ച്ച ചെയ്തതിന് ശേഷം പുതിയ ചര്‍ച്ചക്കുള്ള തീയതി തീരുമാനിക്കുമെന്ന് സിറിയയിലെ യുഎന്‍ സ്ഥാനപതി സ്റ്റെഫാന്‍ ഡി മിസ്തുര പറഞ്ഞു.
ചര്‍ച്ചകള്‍ക്ക് മുന്‍പായി യുദ്ധക്കെടുതി അനുഭവിക്കുന്ന രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തും. എന്നാല്‍ യാതൊരു സഹായവുമെത്താതെ പത്ത് ലക്ഷത്തോളം പേര്‍ ഇപ്പോഴും രാജ്യത്തെ ഉള്‍പ്രദേശങ്ങളില്‍ ദുരിതമനുഭവിക്കുന്നുണ്ടെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം പ്രതിനിധി ജാന്‍ ഇംഗ്ലണ്ട് പറഞ്ഞു. ഈ മാസാവസാനത്തോടെ തന്നെ ഇവരുടെ അടുത്തെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അതേസമയം ജൂണ്‍ ആറിന് ആരംഭിക്കുന്ന റംസാന്‍ മാസം കഴിഞ്ഞതിന് ശേഷം മാത്രമെ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ കഴിയൂവെന്നാണ് അസദ് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.