ഗസയിലേക്ക് പെരുന്നാള്‍ സഹായവുമായി തുര്‍ക്കി കപ്പല്‍
10000 ടണ്‍ അവശ്യവസ്തുക്കളും കളിപ്പാട്ടങ്ങളുമാണ് കപ്പലിലെത്തിച്ചത്.
ഗസയിലേക്ക് പെരുന്നാള്‍ സഹായവുമായി തുര്‍ക്കി കപ്പല്‍ ഇസ്രയേലിലെ അഷ്ദോദ് തുറമുഖത്തെത്തി. 10000 ടണ്‍ അവശ്യവസ്തുക്കളും കളിപ്പാട്ടങ്ങളുമാണ് കപ്പലിലെത്തിച്ചത്. തുര്‍ക്കിയുടെ നയതന്ത്ര വിജയം കൂടിയാണിത്. കഴിഞ്ഞ ദിവസം തുര്‍ക്കിയില്‍ നിന്നുമാണ് ലേഡിലെയ്‌ലയെന്ന കപ്പല്‍ പുറപ്പെട്ടത്. 850 ട്രക്കുകളും ഇന്ന് ഗസയിലെത്തും.
ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് തടസ്സങ്ങളില്ലാതെ തുര്‍ക്കി ഗസക്ക് സഹായമെത്തിക്കുന്നത്. 2010ല്‍ ഗസയിലേക്ക് സഹായവുമായി പോയ കപ്പല്‍ മാവി മര്‍മര്‍വരക്ക് നേരെ ഇസ്രായേല്‍ പട്ടാളം ആക്രമണം നടത്തി 10 തുര്‍ക്കിക്കാരെ വെടിവെച്ചു കൊന്നിരുന്നു. ഇതോടെ വഷളായ ബന്ധം കഴിഞ്ഞയാഴ്ചയാണ് തുര്‍ക്കി ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ച് പുസ്ഥാപിച്ചത്.
ഗസക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കണമെന്നതായിരുന്നു ഇസ്രയേലിനോട് തുര്‍ക്കി ഉന്നയിച്ച പ്രധാന ആവശ്യം. പെരുന്നാള്‍ ആഘോഷത്തിനുള്ള ചരക്കുകളെത്തുന്നതിലൂടെ തുര്‍ക്കിയുടെ നയതന്ത്ര നീക്ക വിജയം കൂടിയാണ് ലക്ഷ്യം കാണുന്നത്.