ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ സെനറ്റ് പുറത്താക്കി
ഇരുപതിനെതിരെ 61 വോട്ടുകള്‍ക്കാണ് ദില്‍മക്കെതിരായ ഇംപീച്ച്മെന്റ് പ്രമേയം പാസായത്
അഴിമതിയാരോപണത്തെ തുടര്‍ന്ന് ഇംപീച്ച് നടപടികള്‍ നേരിട്ട ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിനെ സെനറ്റ് പുറത്താക്കി. ഇരുപതിനെതിരെ 61 വോട്ടുകള്‍ക്കാണ് ദില്‍മക്കെതിരായ ഇംപീച്ച്മെന്റ് പ്രമേയം പാസായത്. ഇതോടെ ബ്രസീലിലെ 13 വര്‍ഷം നീണ്ട ഇടതുപക്ഷ ഭരണത്തിന് അന്ത്യമായി. ബജറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഒൻപതു മാസത്തോളം നീണ്ട ഇംപീച്ച്മെന്റ് നടപടികൾക്കൊടുവിലാണ് ദില്‍മക്കെതിരായ ഇംപീച്ച്മെന്റ് നടപടികള്‍ പാസായത്.
2014ല്‍ ബ്രസീല്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ സർക്കാർ ബാങ്കുകളിലെ പണം നിയമവിരുദ്ധമായി ചെലവഴിച്ചുവെന്നും ദേശീയ ബജറ്റില്‍ കൃത്രിമം കാട്ടിയെന്നുമായിരുന്നു ദില്‍മ റൂസഫിനെതിരായ പ്രധാന ആരോപണങ്ങള്‍. ഒൻപതു മാസത്തോളം നീണ്ട ഇംപീച്ച്മെന്റ് നടപടികൾക്കൊടുവിൽ 81 സെനറ്റര്‍മാരില്‍ 61 പേരും ദില്‍മക്കെതിരായി വോട്ട് ചെയ്തു.
കഴിഞ്ഞ മേയില്‍ ഇംപീച്ച്മെന്റ് നടപടികള്‍ക്ക് അനുമതി നല്‍കിയത് മുതല്‍ പ്രസിഡന്റ് സസ്പെന്‍ഷനിലായിരുന്നു. അന്നു മുതൽ പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന വൈസ് പ്രസിഡന്റ് മൈക്കിൾ ടെമർ പുതിയ പ്രസിഡന്റായി അധികാരമേൽക്കും. ഇംപീച്ച്മെന്റ് നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് 68കാരിയായ ദില്‍മ സുപ്രീം കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം നിരസിക്കുകയായിരുന്നു.ബ്രസീലിന്റെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റും വര്‍ക്കേഴ്സ് പാര്‍ട്ടി പ്രവര്‍ത്തകയുമായ ദില്‍മ റൂസഫ് പടിയിറങ്ങുന്നതോടെ ബ്രസീലിലെ 13 വര്‍ഷം നീണ്ട ഇടതുപക്ഷ ഭരണത്തിനാണ് അന്ത്യമാകുന്നത്. ദിൽമയ്ക്കു പൊതുപ്രവർത്തനത്തിൽ നിന്ന് എട്ടു വർഷത്തേക്കു വിലക്കേർപ്പെടുത്തുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാൻ അടുത്ത ദിവസം സെനറ്റിൽ വീണ്ടും വോട്ടെടുപ്പു നടക്കും.