മൊസൂള്‍ തിരിച്ചുപിടിക്കാന്‍ ഇറാഖ് സൈന്യം
യുഎസ് സൈന്യത്തിന്റെ പിന്തുണയോടെയാണ് ഇറാഖ് ദൌത്യം ഏറ്റെടുത്തിരിക്കുന്നത്.
ഐഎസില്‍നിന്ന് മൊസൂള്‍ തിരിച്ച് പിടിക്കാന്‍ ഇറാഖ് സൈന്യം വന്‍ യുദ്ധത്തില്‍. ഇറാഖ് സൈന്യം ഐഎസ് ശക്തി കേന്ദ്രങ്ങള്‍ക്ക് അടുത്തെത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് സൈന്യത്തിന്റെ പിന്തുണയോടെയാണ് ഇറാഖ് ദൌത്യം ഏറ്റെടുത്തിരിക്കുന്നത്.
30000 ഇറാഖ് സൈനികരെയാണ് ദൌത്യത്തിനായി നിയോഗിച്ചിട്ടുള്ളത്. കുര്‍ദ് മേഖലയില്‍നിന്നുള്ള പിന്തുണയും സൈന്യത്തിനുണ്ട്. ഐഎസിന്റെ അവസാനത്തിനായുള്ള ആക്രമണം എന്നാണ് യുഎസ് ഇറാഖ് സേനയുടെ മൊസൂള്‍ ദൗത്യത്തെ വിശേഷിപ്പിച്ചത്. കിഴക്കന്‍ മൊസൂളില്‍ വ്യോമാക്രമണങ്ങളും ഉഗ്ര സ്‌ഫോടനവും നടന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാഖിനെ ഈ ചരിത്ര ദൗത്യത്തില്‍ പിന്തുണക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ദൗത്യത്തിന് നിയോഗിച്ചിട്ടുള്ള അമേരിക്കന്‍ സംഘത്തിന്റെ തലവന്‍ ബ്രെറ്റ് മക്ഗര്‍ക്ക് ട്വിറ്ററില്‍ കുറിച്ചു. മഹത്തായ വിജയം അടുത്തെത്തിയിരിക്കുന്നു എന്ന് ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി ഇന്ന് രാവിലെ ഔദ്യോഗിക ചാനലിലെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. 10 ലക്ഷം സാധാരണ ജനങ്ങളും മൊസൂളില്‍ അകപ്പെട്ടിട്ടുണ്ട്. ഇവരുടെ സുരക്ഷ സംബന്ധിച്ച് യുഎന്‍ ആശങ്ക പ്രകടിപ്പിച്ചു.