സമാധാന പ്രതീക്ഷയില്‍ ദക്ഷിണ സുഡാന്‍
2013 ഡിസംബറില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് നാടുവിട്ടതായിരുന്നു റീക് മച്ചാര്‍. രണ്ടു വര്‍ഷത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് രാഷ്ട്രവും ഐക്യരാഷ്ട്ര സംഘനടയും പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്.
ദക്ഷിണ സുഡാനില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി വിമത നേതാവ് റീക് മച്ചാര്‍ തിരിച്ചെത്തി. രാജ്യത്തിന്റെ പുതിയ വൈസ് പ്രസിഡന്റായി മച്ചാര്‍ സ്ഥാനമേല്‍ക്കും. 2013 ല്‍ കലാപം ആരംഭിച്ചതിന് ശേഷം നാടുവിട്ടതായിരുന്നു മച്ചാര്‍.
2013 ഡിസംബറില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് നാടുവിട്ടതായിരുന്നു റീക് മച്ചാര്‍. രണ്ടു വര്‍ഷത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ് രാഷ്ട്രവും ഐക്യരാഷ്ട്ര സംഘനടയും പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്. പ്രസിഡന്റ് സല്‍വാ കീര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ റീക് മച്ചാര്‍ വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കും. മച്ചാറിന്റെ വരവ് രാജ്യത്തെ ആഭ്യന്തര പ്രശ്നം അവസാനിപ്പിക്കാന്‍ സഹായിക്കുമെന്ന് പ്രസിഡന്റ് സല്‍വാ കീര്‍ പ്രതികരിച്ചു. സമാധാന ചര്‍ച്ചകള്‍ക്ക് നേതാക്കളുടെ സംയുക്ത ശ്രമം സഹായകമാകുമെന്ന് ഐക്യരാഷ്ട്ര സംഘടനയും പ്രതീക്ഷിക്കുന്നു. സുരക്ഷിതത്വവും ഐക്യവും ഉറപ്പുനല്‍കുന്ന ഒരു സര്‍ക്കാരിന്റെ രൂപീകരണത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്ന് യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ ഹെര്‍വി ലാഡ്സോസ് പറഞ്ഞു.
2011 ല്‍ രൂപീകൃതമായ രാജ്യമാണ് സൌത്ത് സുഡാന്‍. രൂപീകൃതമായി രണ്ട് വര്‍ഷത്തിനുള്ളില്‍ കലാപം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ദിന്‍ക വിഭാഗക്കാരനായ ഇപ്പോഴത്തെ പ്രസിഡന്റ് സല്‍വ കീറും ന്യൂര്‍ വിഭാഗക്കാരനായ മച്ചാറിന്റെയും അനുയായികളാണ് അന്ന് ഏറ്റുമുട്ടിയത്. ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിനാളുകള്‍ പലായനം ചെയ്യുകയും ചെയ്തു. ഇതേ തുടര്‍ന്ന് കടുത്ത ദാരിദ്ര്യവും രാഷ്ട്രീയ അരക്ഷിതാവസ്ഥയുമാണ് സൌത്ത് സുഡാന്‍ നേരിടുന്നത്.