ഐഎസിനെ സംബന്ധിക്കുന്ന നിര്‍ണായക വിവരങ്ങള്‍ ട്രംപ് റഷ്യക്ക് കൈമാറിയതായി റിപ്പോര്‍ട്ട്
കഴിഞ്ഞ ആഴ്ച റഷ്യന്‍ വിദേശകാര്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് വിവരങ്ങള്‍ കൈമാറിയെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു
ഐഎസിനെ സംബന്ധിക്കുന്ന അതിനിര്‍ണായക വിവരങ്ങള്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് റഷ്യക്ക് കൈമാറിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച റഷ്യന്‍ വിദേശകാര്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് വിവരങ്ങള്‍ കൈമാറിയെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്ത അവാസ്തവമെന്ന് വൈറ്റ് ഹൌസ് പ്രതികരിച്ചു.
നിര്‍ണായക വിവരങ്ങള്‍ അമേരിക്കക്ക് കൈമാറിയത് ഐഎസ് വിരുദ്ധ പോരാട്ടത്തില്‍ സഖ്യകക്ഷിയായ ഒരു രാജ്യമാണ്. ഈ വിവരങ്ങള്‍ മറ്റുരാജ്യങ്ങളുമായി പങ്കുവെക്കാന്‍ അമേരിക്കക്ക് അനുമതിയുമില്ല. കഴിഞ്ഞ ആഴ്ച ആഴ്ച അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗി ലെവ്റോവുമായുള്ള കൂടിക്കാഴ്ചയിലാണ് വിവരങ്ങള്‍ കൈമാറിയതെന്നും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിവരങ്ങളുടെ ഉറവിടം റഷ്യക്ക് പറഞ്ഞുകൊടുത്തതിലൂടെ ,അമേരിക്കന്‍ സുരക്ഷ ഏജന്‍സികളുടെ വിവരശേഖരത്തിന് കടയ്ക്കല്‍ കത്തിവെക്കുകയാണ് പ്രസിഡന്‍റ് ചെയ്തതെന്നും പത്രം ആരോപിക്കുന്നു. ഉയര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ദരിച്ചാണ് പത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാജ്യത്തിന് ലഭിക്കുന്ന രഹസ്യ വിവരങ്ങള്‍ ശത്രുരാജ്യത്തിന് നല്‍കാന്‍ പ്രസിഡന്‍റിന് അധികാരമില്ലെന്നും പത്രം ആരോപിക്കുന്നു. തന്റെ റഷ്യന്‍ ബന്ധം അന്വേഷിക്കുന്ന എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയെ പുറത്താക്കിയതിന് തൊട്ടുപിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റ് - റഷ്യന്‍ വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടന്നത്.
വാഷിങ്ടണ്‍ പോസ്റ്റിലെ വാര്‍ത്ത അവാസ്തവമെന്നാണ് വൈറ്റ് ഹൈൌസ് വിശദീകരണം. ഇരുരാജ്യങ്ങളും നേരിടുന്ന പ്രശ്നങ്ങള്‍ മാത്രമാണ് റഷ്യന്‍ വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതെന്നും വൈറ്റ്ഹൌസ് കൂട്ടിച്ചേര്‍ത്തു.സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന സെനറ്റര്‍ ഡിക് ഡര്‍ബിന്‍ അടക്കമുള്ളവര്‍ രംഗത്തെത്തി.