നിങ്ങള്‍ എന്‍റെ നിരീക്ഷണത്തിലായിരിക്കും - മുസ്‍ലിം യാത്രക്കാരനോട് അമേരിക്കന്‍ എയര്‍ലൈന്‍സ് ജീവനക്കാരിയുടെ മുന്നറിയിപ്പ്
'മുഹമ്മദ് അഹമ്മദ്, അതൊരു നീണ്ട പേരാണ്, സീറ്റ് 25-എ , നിങ്ങളെന്‍റെ നിരീക്ഷണത്തിലായിരിക്കും'. അധികം വൈകാതെ .....
അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ സഞ്ചരിക്കുകയായിരുന്ന 40 വയസുള്ള മുസ്‍ലിം യുവാവിനെ ഫ്ലൈറ്റ് അറ്റന്‍ഡന്‍റ് മതത്തിന്‍റെ പേര് പറഞ്ഞ് അധിക്ഷേപിച്ചതായി പരാതി. മുസ്‍ലിം നാമധാരിയാണെന്ന കാരണം പറഞ്ഞ് ഇദ്ദേഹത്തിന് വിമാനത്തിലെ തുടര്‍ യാത്ര നിഷേധിക്കുകയും ചെയ്തു. യാത്രക്കാരന്‍റെ പേരും സീറ്റ് നമ്പറും എടുത്ത് പറഞ്ഞ് യാത്രയിലുടനീളം താങ്കളെന്‍റെ നിരീക്ഷണത്തിലായിരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചായിരുന്നു വിമാന ജീവനക്കാരിയുടെ അധിക്ഷേപം. മുഹമ്മദ് അഹമ്മദ് റദ്‍വാന്‍ എന്ന യാത്രക്കാരനെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടതായി ചൂണ്ടിക്കാട്ടി കൌണ്‍സില്‍ ഓണ്‍ അമേരിക്കന്‍ - ഇസ്‍ലാമിക് റിലേഷന്‍സ് ഔദ്യോഗികമായി പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം.
അമേരിക്കന്‍ എയര്‍ലൈന്‍സിന്‍റെ 1821 നമ്പര്‍ വിമാനത്തില്‍ 2015 ഡിസംബര്‍ ആറിന് യാത്ര ചെയ്തപ്പോഴാണ് മറക്കാനാവാത്ത ദുരനുഭവം തനിക്ക് ഉണ്ടായതെന്ന് റദ്‍വാന്‍ പറഞ്ഞു. തനിക്ക് അനുവദിക്കപ്പെട്ട സീറ്റിലേക്ക് അദ്ദേഹം പോകുന്നതിനിടെയാണ് വനിത ജീവനക്കാരിയുടെ പരസ്യമായ പ്രഖ്യാപനം വന്നത് - ' മുഹമ്മദ് അഹമ്മദ്, സീറ്റ് 25-എ നിങ്ങളെന്‍റെ നിരീക്ഷണത്തിലായിരിക്കും'. ഒരു മിനുട്ടിനു ശേഷം വീണ്ടും ഉച്ചത്തിലുള്ള പ്രഖ്യാപനം വന്നു - 'മുഹമ്മദ് അഹമ്മദ്, അതൊരു നീണ്ട പേരാണ്, സീറ്റ് 25-എ , നിങ്ങളെന്‍റെ നിരീക്ഷണത്തിലായിരിക്കും'. അധികം വൈകാതെ തന്നെ മൂന്നാമത്തെ തവണയും ഈ മുന്നറിയിപ്പുണ്ടായി.
കഴിഞ്ഞ മുപ്പത് വര്‍ഷമായി നിരന്തരം വിമാന യാത്രകള്‍ നടത്തുന്ന തനിക്ക് ഇത്തരത്തിലുള്ളൊരു അനുഭവം ആദ്യമായിട്ടായിരുന്നുവെന്നും അക്ഷരാര്‍ഥത്തില്‍ നടുങ്ങിപ്പോയിയെന്നും റദ്‍വാന്‍ പറഞ്ഞു. മറ്റ് ഒരു യാത്രക്കാരനെ കുറിച്ചും വിമാന ജീവനക്കാരി ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയതുമില്ല. ഇതു സംബന്ധിച്ച് ചോദിച്ചപ്പോള്‍ എല്ലാ യാത്രക്കാരും തന്‍റെ നിരീക്ഷണത്തിലാണെന്നായിരുന്നു ജീവനക്കാരിയുടെ ആദ്യ മറുപടി. എന്തുകൊണ്ടാണ് തന്നെ മാത്രം എടുത്ത് പറഞ്ഞതെന്ന ചോദ്യത്തിന് വ്യക്തമായ ഒരു മറുപടി നല്‍കിയതുമില്ല. പിന്നീട് വിമാന കമ്പനിയിലെ മറ്റ് ചില ഉദ്യോഗസ്ഥര്‍ റദ്‍വാനുമായി സംസാരിച്ചു. അദ്ദേഹത്തിന്‍റെ സാന്നിധ്യം ജീവനക്കാരിക്ക് അസ്വസ്ഥകരമായ അനുഭവം സമ്മാനിക്കുന്നുവെന്ന് പറഞ്ഞ് പുറത്തിറക്കി. മറ്റൊരു വിമാനത്തില്‍ ടിക്കറ്റെടുത്താണ് റദ്‍വാന്‍ തന്‍റെ യാത്ര തുടര്‍ന്നത്.