ഇസ്‌ലാം കരിമോവിന് ഉസ്ബക്കിസ്ഥാന്റെ അന്ത്യാഞ്ജലി
ഇസ്ലാം കരിമോവിന്‍റെ ജന്മനാടായ സമര്‍കണ്ടില്‍ നടന്ന ചടങ്ങുകള്‍ക്ക് പ്രധാനമന്ത്രി ഷൌകത്ത് മിര്‍സിയോയേവ് മേല്‍നോട്ടം വഹിച്ചു.
അന്തരിച്ച ഉസ്ബക്കിസ്ഥാൻ പ്രസിഡന്റ് ഇസ്‌ലാം കരിമോവിന് രാജ്യത്തിന്‍റെ അന്ത്യാഞ്ജലി. സമര്‍കണ്ഡില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ആയിരക്കണക്കിന് പേരാണ് കരിമോവിന് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയത്.
ഇസ്ലാം കരിമോവിന്‍റെ ജന്മനാടായ സമര്‍കണ്ടില്‍ നടന്ന ചടങ്ങുകള്‍ക്ക് പ്രധാനമന്ത്രി ഷൌകത്ത് മിര്‍സിയോയേവ് മേല്‍നോട്ടം വഹിച്ചു. റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വെദേവ് അടക്കമുള്ള പ്രമുഖര്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്തു. അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ, റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ തുടങ്ങിയവര്‍ കരിമോവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
ഏതാനും ദിവസങ്ങള്‍ മുമ്പാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് കരിമോവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 78 വയസ്സായിരുന്നു. കാൽ നൂറ്റാണ്ടിലേറെ മധ്യേഷൻ രാജ്യമായ ഉസ്ബക്കിസ്ഥാനെ നയിച്ച നേതാവാണ് ഇസ്‌ലാം കരിമോവ്. 90 ശതമാനത്തിലധികം വോട്ട് നേടിയാണ് അഞ്ചാം തവണയും കരിമോവ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സർക്കാർ അനാഥാലയത്തിൽ വളർന്ന കരിമോവ് സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടിയിലൂടെ പൊതുരംഗത്തെത്തി. ഉസ്ബക്ക് കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായാണ് 1989ൽ കരിമോവ് അധികാരമേറ്റത്. സോവിയറ്റ് യൂണിയന്റെ തകർച്ചയെ തുടർന്ന് 1991ൽ രാജ്യം സ്വതന്ത്രമായതോടെ പ്രസിഡന്റായി. 2005 മെയിൽ രാജ്യത്തു നടന്ന ജനകീയ പ്രക്ഷോഭം ഉരുക്കുമുഷ്ടിയുപയോഗിച്ച് അടിച്ചമർത്തിയതിന് കരിമോവ് ഏറെ വിമര്‍ശിക്കപ്പെട്ടു. ഉസ്ബക്കിസ്ഥാനിലെ യുഎസ് സൈനികത്താവളം അടച്ചുപൂട്ടി. പാശ്ചാത്യരാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയെങ്കിലും വഴങ്ങിയില്ല. പിന്നാലെ റഷ്യയുമായുള്ള ബന്ധവും വഷളായി. പിൻഗാമിയെ കരിമോവ് പ്രഖ്യാപിക്കാതിരുന്ന സാഹചര്യത്തിൽ പുതിയ പ്രസിഡന്റിനെ മുതിർന്ന ഉദ്യോഗസ്ഥരുടെയും കരിമോവിന്റെ കുടുംബാംഗങ്ങളുടെയും രഹസ്യയോഗത്തിൽ തീരുമാനിക്കും.