യമനില്‍ കോടിക്കണക്കിന് ജനങ്ങള്‍ പട്ടിണിയിലെന്ന് യുഎന്‍

Update: 2018-04-06 01:54 GMT
Editor : Sithara
യമനില്‍ കോടിക്കണക്കിന് ജനങ്ങള്‍ പട്ടിണിയിലെന്ന് യുഎന്‍
Advertising

ഭക്ഷണവും മറ്റ് അടിയന്തര സഹായങ്ങളുമെത്തിക്കാന്‍ 200 കോടിയിലധികം ഡോളര്‍ ആവശ്യമാണെന്നും യുഎന്‍

ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ യമനില്‍ ഒരു കോടി ഇരുപത് ലക്ഷം ജനങ്ങള്‍ പട്ടിണിയിലെന്ന് ഐക്യരാഷ്ട്രസഭ. ഭക്ഷണവും മറ്റ് അടിയന്തര സഹായങ്ങളുമെത്തിക്കാന്‍ 200 കോടിയിലധികം ഡോളര്‍ ആവശ്യമാണെന്നും യുഎന്‍ വ്യക്തമാക്കി.

"ഞങ്ങള്‍ക്ക് ജോലിയിലോ മറ്റോ യാതൊരു പ്രതീക്ഷയുമില്ല. ഇപ്പോള്‍ മൂന്ന് കുടുംബങ്ങള്‍ ഒരു മുറിയിലാണ് താമസിക്കുന്നത്. ഉപയോഗിക്കുന്നത് ഒരു കുളിമുറിയും അടുക്കളയും. ഞങ്ങള്‍ ഉറങ്ങുന്നത് ഒരു മുറിയിലാണ്. ഞങ്ങള്‍ക്ക് പലപ്പോഴും ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ല. ഞങ്ങള്‍ ഭക്ഷണം ലഭിക്കാതെ നരകിക്കുകയാണ്. വിവരിക്കാന്‍ സാധ്യമല്ല"-

ജീവിതത്തില്‍ പ്രതീക്ഷയറ്റ ഈ വാക്കുകള്‍ തന്നെയാണ് യമനിലെ ഏതൊരു സാധാരണക്കാരനും പറയാനുള്ളത്. രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് ഐക്യരാഷ്ട്രസഭക്കും പറയാനുള്ളത് ഞെട്ടിക്കുന്ന കണക്കുകളാണ്. രണ്ട് വര്‍ഷമായി ആഭ്യന്തര സംഘര്‍ഷവും ഹൂത്തികള്‍‌ക്കെതിരെ സൌദി സഖ്യസേനയുടെ യുദ്ധവും തുടരുന്ന യമനില്‍ ഒന്നേകാല്‍ കോടിയോളം ജനങ്ങള്‍ പട്ടിണിയിലാണെന്നാണ് യുഎന്നിന്‍റെ ഒടുവിലത്തെ കണക്ക്. ഇവര്‍ക്ക് ഭക്ഷണവും വസ്ത്രവുമുള്‍പ്പെടെ അടിസ്ഥാന സൌകര്യങ്ങളുമൊരുക്കാന്‍ ചുരുങ്ങിയത് 210 കോടി ഡോളറെങ്കിലും ആവശ്യമാണെന്നും ഐക്യരാഷ്ട്രസഭ റിലീഫ് കോര്‍ഡിനേറ്റര്‍ സ്റ്റീഫന്‍ ഒബ്രിയന്‍ വ്യക്തമാക്കി.

ദുരിതം അനുഭവിക്കുന്നവരില്‍ 21 ലക്ഷത്തോളം കുട്ടികളാണ്. മൂന്നിലൊന്ന് ജനങ്ങള്‍ക്കും സഹായങ്ങള്‍ അനിവാര്യമായ സാഹചര്യമാണുള്ളതെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News