കോമിയുമായുള്ള തന്റെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്തിട്ടില്ലെന്ന് ട്രംപ്
തനിക്ക് അങ്ങനെയൊരു പദ്ധതിയുണ്ടായിരുന്നില്ലെന്നും അങ്ങനെ ചെയ്തിട്ടുമില്ലെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു
എഫ് ബി ഐ മുന്‍ ചീഫ് ജെയിസ് കോമിയുമായുള്ള തന്റെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്ഡ് ചെയ്തിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തനിക്ക് അങ്ങനെയൊരു പദ്ധതിയുണ്ടായിരുന്നില്ലെന്നും അങ്ങനെ ചെയ്തിട്ടുമില്ലെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
യുഎസ് പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത ശേഷം വിവാദങ്ങള്‍ വിടാതെ പിന്തുടരുന്ന ട്രംപിന് മേല്‍ കരിനിഴല്‍ വീഴ്ത്തിയ സംഭവമായിരുന്നു യു എസ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന ആരോപണം. 2016ലെ യുഎസ് തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലുണ്ടായെന്നആരോപണമന്വേഷിക്കുന്ന ഏജന്‍സി ട്രംപും ജെയിംസ് കോമിയുമായുള്ള സംഭാഷണം ആവശ്യപ്പെട്ടിരുന്നു. മെയ് മാസത്തില്‍ ജെയിംസ് കോമിയെ എഫ്ബിഐ തലപ്പത്ത് നിന്നു നീക്കിയത് രാഷ്ട്രീയ കൊടുങ്കാറ്റുകള്‍ക്ക് വഴിവെച്ചു. പുറത്താക്കിയതിന് പിന്നാലെ കോമിയുമായുള്ള സംഭാഷണത്തിന്റെ ടേപ്പുകള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ട്വിറ്ററില്‍ കുറിച്ചിരുന്നു. നമ്മുടെ സംഭാഷണമടങ്ങുന്ന ഒരു ടേപ്പുമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കാമെന്നായിരുന്നു മെയ് 12ന് ട്രംപിന്റെ ട്വിറ്റര്‍ കുറിപ്പ്. ഇതിനിടെയാണ് ട്രംപിന്റെ പുതിയ ട്വീറ്റ്. ജെയിംസ് കോമിയുമായുള്ള ടെലിഫോണ്‍ സംഭാഷണങ്ങളൊന്നും തന്നെ റെക്കോര്‍ഡ് ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നില്ല. താന്‍ അങ്ങനെ ചെയ്തിട്ടുമില്ല. തന്റെ കൈയില്‍ അങ്ങനെയൊരു റെക്കോര്‍ഡിങ്ങുമില്ല ഇങ്ങനെയായിരുന്നു ട്വിറ്ററില്‍ ട്രംപിന്റെ പ്രതികരണം. വിഷയത്തില്‍ ഔദ്യോഗിക വിശദീകരണവുമായി വൈറ്റ് ഹൌസ് രംഗത്തെത്തി.
ഇതുവരെ നിങ്ങള്‍ മറുപടി ചോദിച്ചു. അദ്ദേഹം അതിനുള്ള മറുപടി തന്നു കഴിഞ്ഞു. ഈയാഴ്ച തന്നെ അദ്ദേഹം നിങ്ങള്‍ക്ക് നേരിട്ട് മറുപടി നല്‍കുമെന്ന് പറഞ്ഞിരുന്നു, അതാണ് ഇപ്പോളുണ്ടായത്. സമയമാകുന്നത് വരെ എനിക്ക് ഇതെ കുറിച്ച് കൂടുതല്‍ പറയാനാകില്ല. താനുമായുള്ള ഫോണ്‍ സംഭാഷണങ്ങളുടെ ടേപ്പുകളുണ്ടാകാനുള്ള സാധ്യതയെ കുറിച്ച് ട്രംപ് സഹായികളോട് രഹസ്യമായി പറഞ്ഞതായും വാര്‍ത്തകളുണ്ടായിരുന്നു.