പാല്‍മീറയില്‍ സൈന്യം മുന്നേറുന്നു
പാല്‍മീറയിലെ സൈനിക മുന്നേറ്റം വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സിറിയയിലെ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടു
സിറിയയിലെ പൌരാണിക നഗരമായ പാല്‍മീറയില്‍ ഐ.എസ് തീവ്രവാദികളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു.
മേഖല ഉടന്‍ തിരിച്ചുപിടിച്ചെടുക്കാനാകുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഒരു വര്‍ഷം മുമ്പാണ് പാല്‍മീറ മേഖല തീവ്രവാദികള്‍ പിടിച്ചെടുത്തത്.
പാല്‍മീറയിലെ സൈനിക മുന്നേറ്റം വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സിറിയയിലെ ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടു. പ്രദേശത്തിന് പുറത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുന്നതായി സര്‍ക്കാര്‍ വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്. മണിക്കൂറുകള്‍ക്കകം പാല്‍മീറ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സൈന്യം. പാല്‍മീറയുടെ നാലുഭാഗവും വളഞ്ഞ സൈന്യം തന്ത്രപ്രധാനമായ മേഖലയിലേക്കുള്ള പാല്‍മീറ ട്രയാങ്കിള്‍ റോഡില്‍ പ്രവേശിച്ചു. സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐഎസിനെതിരായ പോരാട്ടത്തില്‍ സിറിയന്‍ സൈന്യത്തിന് റഷ്യയുടെ പിന്തുണയുമുണ്ട്.
2015 മെയിലാണ് പാല്‍മീറ മേഖല ഐ.എസ് തീവ്രവാദികള്‍ പിടിച്ചെടുത്തത്. തുടര്‍ന്ന് ഇവിടെയുള്ള 2000 വര്‍ഷം പഴക്കമുള്ള ക്ഷേത്രങ്ങളും നിര്‍മ്മിതികളും തീവ്രവാദികള്‍ തകര്‍ത്തു. ഇതിനെതിരെ യുനെസ്കോ അടക്കം രംഗത്തെത്തി. പിന്നീട് പ്രദേശം തിരിച്ചുപിടിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു സൈന്യം. ഐ.എസും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇതിനോടകം നിരവധി പേര്‍ കൊല്ലപ്പെട്ടു. പിടികൂടിയ സൈനികരെ വധിക്കുന്ന ദൃശ്യവും ഐ.എസ് പലതവണ പുറത്തുവിട്ടിരുന്നു.