ഉത്തരകൊറിയയുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന അമേരിക്കന്‍ ആവശ്യം റഷ്യ തള്ളി

Update: 2018-04-09 02:55 GMT
Editor : Jaisy
ഉത്തരകൊറിയയുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന അമേരിക്കന്‍ ആവശ്യം റഷ്യ തള്ളി
Advertising

വിഷയത്തില്‍ അമേരിക്കയുടെ സമീപനം നിഷേധാത്മകമാണെന്ന് റഷ്യ കുറ്റപ്പെടുത്തി

ഉത്തരകൊറിയയുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന അമേരിക്കന്‍ ആവശ്യം തള്ളി റഷ്യ. വിഷയത്തില്‍ അമേരിക്കയുടെ സമീപനം നിഷേധാത്മകമാണെന്ന് റഷ്യ കുറ്റപ്പെടുത്തി. അതേ സമയം ചൈനയും റഷ്യയും ഉത്തരകൊറിയക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ആവശ്യപ്പെട്ടു.

അമേരിക്കക്ക് ഭീഷണി ഉയര്‍ത്തി ഉത്തരകൊറിയ പുതിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതിന് പിന്നാലെ രാജ്യത്തിന് മേലുള്ള ഉപരോധം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് അമേരിക്ക. ഉത്തരകൊറിയയുമായുളള നയതന്ത്ര, സാമ്പത്തിക , വ്യവസായ ബന്ധം വിച്ഛേദിക്കണമെന്ന് അമേരിക്ക ലോകരാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് അമേരിക്കയുടെ നിലപാടിനോടുള്ള വിയോജിപ്പ് വ്യക്തമാക്കി റഷ്യ രംഗത്തെത്തിയിരിക്കുന്നത്. ഉപരോധം ശക്തമാക്കുന്നതിലൂടെ പ്രശ്നം കൂടുതല്‍ വഷളാകുമെന്നും അമേരിക്ക തെറ്റ് ആവര്‍ത്തിക്കുകയാണെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തി.

എന്നാല്‍ ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങളെ ഗൌരവമായെടുത്ത് ഉപരോധം ഏര്‍പ്പെടുത്താന്‍ ചൈനയും റഷ്യയും തയ്യാറാകണമെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആവശ്യപ്പെട്ടു. ഉത്തരകൊറിയയെ നിരായുധീകരിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കുന്നതാണ് റഷ്യന്‍ നീക്കങ്ങളെന്ന് ഡൊണാള്‍ഡ് ട്രംപ് നേരത്തെ വിമര്‍ശിച്ചിരുന്നു. ലോകരാഷ്ട്രങ്ങളുടെ ആവശ്യം പരിഗണിച്ച് ഉത്തരകൊറിയയെ പിന്തുണക്കുന്ന റഷ്യയും ചൈനയും നിലപാട് മാറ്റുമോയെന്നാണ് ഇനി അറിയേണ്ടത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News