ബ്രസീലില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട 10 പേര്‍ അറസ്റ്റില്‍
കൂട്ടത്തിലുള്ള രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്
ബ്രസീലില്‍ ഒളിമ്പിക്സിന് മുന്നോടിയായി ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടത്തിലുള്ള രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ബ്രസിലില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.
അറസ്റ്റിലായവര്‍ ഐഎസ് പോരാളികളല്ലെന്നും എന്നാല്‍ ഇവര്‍ സംഘടനയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടുണ്ടെന്നും നീതിന്യായ വകുപ്പ് മന്ത്രി അലക്സാണ്ടര്‍ മൊറേസ് സ്ഥിരീകരിച്ചു. ആഗസ്റ്റ് 5ന് ബ്രസീലില്‍ തുടങ്ങുന്ന റിയോ ഒളിംപിക്സിന് മുന്നോടിയായി രാജ്യത്ത് ആക്രമണം നടത്താന്‍ സംഘം പദ്ധതിയിട്ടിരുന്നു. പത്ത് സംസ്ഥാനങ്ങളിലായി വ്യാപിച്ചായിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്.
ആശയവിനിമയത്തിന് വാട്സ്ആപ്പ് ഉള്‍പ്പടെയുള്ള സാങ്കേതിക സംവിധാനമാണ് ഇവര്‍ അവലംബിച്ചിരുന്നത്. എകെ 47 ഉള്‍പ്പടെയുള്ള തോക്കുകള്‍ക്കായി പരാഗ്വേയിലുള്ള ആയുധവ്യാപാരിയുമായി ബന്ധപ്പെട്ടിരുന്നതിനുള്ള തെളിവുകള്‍ പൊലീസിന് ലഭിച്ചു. എന്നാല്‍ സംഘത്തിന്റെ പക്കല്‍ നിന്ന് തോക്കുകള്‍ പിടിച്ചെടുത്തിട്ടില്ല. സുരക്ഷാ പ്രശ്നങ്ങള്‍ വിലയിരുത്താന്‍ അടിയന്തര കാബിനറ്റ് യോഗം ചേര്‍ന്നു. ഒളിമ്പിക്സിന് മുന്നോടിയായി എണ്‍പതിനായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ റിയോയില്‍ വിന്യസിച്ചിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലുകള്‍ക്കായി സര്‍ക്കാര്‍ 18 ദശലക്ഷം ഡോളര്‍ രൂപ അധികമായി വകയിരുത്തിയിട്ടുണ്ട്.