സൊമാലിയയില്‍ 26 പേര്‍ പട്ടിണികിടന്ന് മരിച്ചു
കൊടും വരള്‍ച്ചയില്‍ ജലാശയങ്ങള്‍ വറ്റി വരളുകയും കൃഷി നശിക്കുകയും കന്നുകാലികള്‍ ചത്തൊടുങ്ങുകയും ചെയ്തതോടെയാണ് സൊമാലിയയിലെ ജുബലാന്‍ഡ് നരക തുല്യമായത്
കൊടും വരള്‍ച്ച ദുരിതം വിതക്കുന്ന സൊമാലിയയിലെ ജുബലാന്‍ഡിലെ കിഴക്കന്‍ മേഖലകളില്‍ 26 പേര്‍ പട്ടിണികിടന്ന് മരിച്ചു. മൂന്ന് ദിവസത്തിനുള്ളിലാണ് ഇത്രയും പേര്‍ മരിച്ചത്. അതേസമയം പ്രദേശത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അന്താരാഷ്ട്ര സഹായം പ്രവഹിക്കുകയാണ്.
കൊടും വരള്‍ച്ചയില്‍ ജലാശയങ്ങള്‍ വറ്റി വരളുകയും കൃഷി നശിക്കുകയും കന്നുകാലികള്‍ ചത്തൊടുങ്ങുകയും ചെയ്തതോടെയാണ് സൊമാലിയയിലെ ജുബലാന്‍ഡ് നരക തുല്യമായത്. ജനജീവിതം അസാധ്യമായതിനാല്‍ മിക്കവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് പലായനം ചെയ്തു. പട്ടിണിമൂലം 36 മണിക്കൂറിനകം ജുബലാന്‍ഡില്‍ 26 പേര‍്‍ മരിച്ചെന്ന് സൊമാലിയന്‍ സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി. മേഖലയില്‍ 60 ലക്ഷം പേര്‍ ദുരിത ബാധിതരാണെന്ന് കഴിഞ്ഞ മാസം സ്ഥലം സന്ദര്‍ശിച്ച യു.എന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുട്ടേറസ് പ്രസ്താവിച്ചിരുന്നു. കഴുതപ്പുറത്തും ലോറികളിലുമായി കുടിവെള്ളം എത്തിക്കുന്നുണ്ടെങ്കിലും അതൊന്നും ആവശ്യങ്ങള്‍ക്ക് പര്യാപ്തമല്ലാത്ത സാഹചര്യവും നിലനില്‍ക്കുന്നു. സൊമാലിയയെ സഹായിക്കുന്നതിനായി ഹോളിവുഡ് താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഐസ് ബക്കറ്റ് ചലഞ്ച് മാതൃകിയിലാണ് ഫണ്ട് ശേഖരണം നടക്കുന്നത്. ഓണ്‍ലൈന്‍ ആക്ടിവിസ്റ്റുകളും കായിക താരങ്ങളും കാന്പയിന്റെ ഭാഗമാണ്. ഇവരുടെ ശ്രമഫലമായി 60 ടണ്‍ ഭക്ഷ്യ വസ്തുക്കളുമായി ഒരു വിമാനം അടുത്ത തിങ്കളാഴ്ച സൊമാലിയയിലെത്തും. ദുരിതാശ്വാസത്തിനായുള്ള സാമഗ്രികള്‍ എത്തിക്കുന്നതിന് തുര്‍ക്കി വിമാനക്കനപനി സൌജന്യ സര്‍വീസും വാഗ്ദാനം ചെയ്തിട്ടുണ്ട്.