ബ്രസല്‍സ് സ്‍ഫോടനം: യൂറോപ്യന്‍ രാജ്യങ്ങളില്‍ കനത്ത ജാഗ്രത
സുരക്ഷാ ഭീഷണിയുടെ സാഹചര്യത്തില്‍ ബ്രസല്‍സിലേക്കുള്ള വിമാനസര്‍വീസുകള്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നിര്‍ത്തിവെച്ചു
ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ 36 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം യൂറോപ്പിനെ ഞെട്ടിച്ചു. പാരിസ് ഭീകരാക്രമണക്കേസില്‍ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്ന സലാഹ് അബ്ദുസലാമിനെ അറസ്റ്റുചെയ്ത് നാലു ദിവസത്തിനുശേഷമാണ് സ്‌ഫോടനങ്ങളുണ്ടായത്. ആക്രമണം കണക്കിലെടുത്ത് യൂറോപ്യന്‍ രാജ്യങ്ങള്‍ ജാഗ്രത പ്രഖ്യാപിച്ചു.
അതേ സമയം ബെല്‍ജിയം ഇരട്ടസ്ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്ന മൂന്ന്പേരുടെ സി.സി.ടി.വി ചിത്രങ്ങള്‍ അന്വേഷണസംഘം പുറത്തുവിട്ടു. രണ്ട് പേര്‍ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടുവെന്നും ഒരാളിന് വേണ്ടിയുള്ള തെരച്ചില്‍ ശക്തമാക്കിയെന്നും പൊലീസ് അറിയിച്ചു
സുരക്ഷാ ഭീഷണിയുടെ സാഹചര്യത്തില്‍ ബ്രസല്‍സിലേക്കുള്ള വിമാനസര്‍വീസുകള്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നിര്‍ത്തിവെച്ചു. ബ്രസല്‍സിലെ യൂറോപ്യന്‍ യൂണിയന്‍, നാറ്റോ ആസ്ഥാനങ്ങള്‍ അടച്ചിട്ടു. ബെല്‍ജിയത്തിലെ വിമാനത്തങ്ങളവും മെട്രോ, റെയില്‍ സ്‌റ്റേഷനുകളുമെല്ലാം അടച്ചിട്ടതുകാരണം യൂറോപ്പില്‍ യാത്ര പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്.ബുധനാഴ്ച നടത്തേണ്ട നൂറുകണക്കിന് വിമാനസര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. സ്‌ഫോടനങ്ങളുണ്ടായ ഉടന്‍ ജനങ്ങളോട് യാത്ര ചെയ്യരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഇതേ തുടര്‍ന്ന് വിദ്യാലയങ്ങള്‍, കമ്പനികള്‍ തുടങ്ങി പൊതുസ്ഥലങ്ങളില്‍നിന്നെല്ലാം മണിക്കൂറുകള്‍ക്കുശേഷമാണ് ജനം പിരിഞ്ഞുപോയത്. പ്രതിസന്ധിഘട്ടത്തില്‍ ബെല്‍ജിയത്തിന് പിന്തുണയുമായി യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തെത്തി. ബ്രസല്‍സിലെ ആക്രമണം യൂറോപ്പിനെതിരെയാണെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാന്‍സ്വാ ഒലാങ് അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ യൂണിയനിലെ കെട്ടിടങ്ങളില്‍ പതാക പകുതി താഴ്ത്തിക്കെട്ടി. നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ ആസ്ഥാനമാണ് ബ്രസല്‍സ്. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ടസ്‌ക് സ്‌ഫോടനങ്ങളെ അപലപിച്ചു.യൂറോപ്യന്‍ യൂണിയന്‍ ഐക്യം ഉയര്‍ത്തിപ്പിടിക്കുമെന്നും കിരാതവും ബുദ്ധിഹീനവുമായ ആക്രമണങ്ങളെ ചെറുത്തുതോല്‍പ്പിക്കുമെന്നും സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ റജോയ് പറഞ്ഞു. മുന്‍കരുതലെന്നോണം ഫ്രാന്‍സ് അടക്കം മുഴുവന്‍ യൂറോപ്യന്‍ രാജ്യങ്ങളും പ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി. പാരിസില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.