മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയ ഇന്ത്യക്ക് കടുത്ത മുന്നറിയിപ്പുമായി ചൈന

Update: 2018-04-15 12:28 GMT
Editor : Alwyn K Jose
മാധ്യമപ്രവര്‍ത്തകരെ പുറത്താക്കിയ ഇന്ത്യക്ക് കടുത്ത മുന്നറിയിപ്പുമായി ചൈന
Advertising

ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയുടെ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കിയ ഇന്ത്യയുടെ നടപടിക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ചൈനീസ് മാധ്യമം

ചൈനീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയുടെ മൂന്ന് മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കിയ ഇന്ത്യയുടെ നടപടിക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ചൈനീസ് മാധ്യമം. ചൈനയുടെ മൂന്നു മാധ്യമപ്രവര്‍ത്തകരുടെ വിസ പുതുക്കില്ലെന്ന് അറിയിച്ച വിദേശകാര്യ മന്ത്രാലയം ജൂലൈ 31 നകം ഇവരോട് ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ എന്‍എസ്ജി അംഗത്വത്തിന് ചൈന എതിരു നിന്നതിന് പിന്നാലെയാണ് മാധ്യമപ്രവര്‍ത്തകരുടെ വിസ പുതുക്കില്ലെന്ന നിലപാട് ഇന്ത്യ സ്വീകരിച്ചത്. ഇതിന് പ്രതികാരമെന്നോണമാണ് ഇന്ത്യയുടെ നടപടിയെന്ന് ചൈനീസ് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നു. ഇന്ത്യയുടെ ഈ പ്രതിഷേധകരമായ നിലപാടിന് കനത്ത വില നല്‍കേണ്ടി വരുമെന്നും ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് മുഖപത്രത്തില്‍ മുന്നറിയിപ്പ് നല്‍കി.

സിന്‍ഹുവ ഡല്‍ഹി ബ്യൂറോയിലെ വു ഖ്യാങ്, ലു ടാങ്, മുംബൈ റിപ്പോര്‍ട്ടര്‍ ഷി യോഗാങ് എന്നിവരോടാണ് രാജ്യം വിടാന്‍ ഇന്ത്യ നിര്‍ദേശിച്ചത്. വു ഖ്യാങ് ഏഴു വര്‍ഷമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. മറ്റ് രണ്ടു പേരും കഴിഞ്ഞ വര്‍ഷമാണ് എത്തിയത്. ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സിയാണ് സിന്‍ഹുവ. വിസ പുതുക്കാത്തത് സംബന്ധിച്ച് യാതൊരു വിശദീകരണവും വിദേശകാര്യ മന്ത്രാലയം നല്‍കിയിട്ടില്ല. സാധാരണ വിദേശ മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കാന്‍ സ്വീകരിക്കുന്ന നടപടിയാണ് വിസ പുതുക്കി നല്‍കാതിരിക്കല്‍. മാധ്യമ പ്രവര്‍ത്തകരുടെ വിസാ അപേക്ഷ വൈകിപ്പിക്കുന്നത് ഇരു രാജ്യങ്ങളും സാധാരണ ചെയ്യാറുണ്ട്. എന്നാല്‍ ഇത് ആദ്യമായാണ് വിസ പുതുക്കാനുള്ള അപേക്ഷ നിരസിക്കപ്പെടുന്നത്. മൂന്ന് പേരുടേയും വിസയുടെ കാലാവധി ഈ വര്‍ഷം ആദ്യം അവസാനിച്ചതാണ്. എന്നാല്‍ പുതുക്കാനുള്ള അപേക്ഷ പരിഗണനയിലാണെന്നും കാത്തിരിക്കാനുമായിരുന്നു ഇതുവരെയുള്ള നിര്‍ദേശം. കഴിഞ്ഞദിവസമാണ് മൂന്നു പേരോടും വിസ പുതുക്കാനാകില്ലെന്നും ജൂലൈ 31 നകം രാജ്യം വിടണമെന്നും അറിയിച്ചത്. ഇതിന് പകരമായി ചൈന ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരേയും പുറത്താക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News