ദില്‍മ റൂസഫിന്റെ ഇംപീച്ച്മെന്റ് നടപടി ആഗസ്റ്റ് അവസാനം തുടങ്ങും
ആഗസ്റ്റ് 26 ന് ആരംഭിക്കുന്ന വിചാരണ നടപടികള്‍ സെപ്റ്റംബര്‍ രണ്ടിന് അവസാനിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.
സസ്പെന്‍ഡ് ചെയ്യപ്പെട്ട ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫിന്റെ ഇംപീച്ച്മെന്റ് നടപടികള്‍ ഈ മാസം അവസാനം ആരംഭിക്കും. ആഗസ്റ്റ് 26 ന് ആരംഭിക്കുന്ന വിചാരണ നടപടികള്‍ സെപ്റ്റംബര്‍ രണ്ടിന് അവസാനിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. ഇംപീച്ച്മെന്റ് റിപ്പോര്‍ട്ട് സെനറ്റ് പാസാക്കുന്നതോടെയാണ് വിചാരണയില്‍ അന്തിമ തീരുമാനമാവുക.
റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിമ്പിക്സ് മത്സരങ്ങള്‍ക്ക് ശേഷമാകും ദില്‍മ റൂസഫിന്റെ ഇംപീച്ച്മെന്റ് ആരംഭിക്കുക. ആഗസ്റ്റ് അവസാനം ആരംഭിക്കുന്ന വിചാരണയുടെ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. ദില്‍മക്കെതിരായ റിപ്പോര്‍ട്ട് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇംപീച്ച്മെന്റ് കമ്മിറ്റി അംഗീകരിച്ചത്. അടുത്തയാഴ്ച ബ്രസീലിന്റെ സെനറ്റ് കൂടി റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കുന്നതോടെ ഇംപീച്ച്മെന്റിലേക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവും. ബ്രസീല്‍ ചീഫ് ജസ്റ്റിസ് റിച്ചാര്‍ഡോ ലെവന്‍ഡോസ്കിയുടെ നേതൃത്വത്തിലായിരിക്കും വിചാരണ.
മെയ് 12 ന് ദില്‍മ റൂസഫിനെ സസ്പെന്‍ഡ് ചെയ്തതത് മുതല്‍ മൈക്കല്‍ ടെമര്‍ ആണ് ബ്രസീലിലെ ഇടക്കാല പ്രസിഡന്റ്. മൈക്കല്‍ ടെമര്‍ അധികാരത്തിലെത്തിയ ശേഷം ബ്രസീലിന്റെ ഓഹരി വിപണിയും കറന്‍സിയും മെച്ചപ്പെട്ടതായാണ് വിലയിരുത്തല്‍. ബജറ്റില്‍ കൃത്രിമം കാണിച്ച് സാമ്പത്തിക തിരിമറി നടത്തിയെന്ന ആരോപണത്തിലാണ് ബ്രസീലിന്റെ മുന്‍ പ്രസിഡന്‍റ് ദില്‍മ റൂസഫ് ഇംപീച്ച്മെന്റ് നേരിടുന്നത്. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ ദില്‍മ റൂസെഫ് നിഷേധിച്ചിട്ടുണ്ട്.