മുസ്ലിം രാജ്യങ്ങളിലെ പൗരന്മാരുടെ യാത്രാവിലക്കിനുള്ള സ്റ്റേ തുടരും, ട്രംപിന് തിരിച്ചടി 

Update: 2018-04-16 10:37 GMT
Editor : Subin
മുസ്ലിം രാജ്യങ്ങളിലെ പൗരന്മാരുടെ യാത്രാവിലക്കിനുള്ള സ്റ്റേ തുടരും, ട്രംപിന് തിരിച്ചടി 
Advertising

മതപരമായ അസഹിഷ്ണുതയും മുസ്‌ലിം വിരോധവും വിവേചനവും സൃഷ്ടിക്കുന്നതാണ് യാത്രാവിലക്കെന്ന് കോടതി ചൂണ്ടിക്കാട്ടി

ഏഴ് മുസ്ലീം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഉത്തരവിനുള്ള സ്‌റ്റേ നീക്കാനാകില്ലെന്ന് വിര്‍ജീനിയ കോടതി. മതത്തിന്റെ പേരിലുള്ള വിലക്ക് അസഹിഷ്ണുതയാണെന്ന് കോടതി വിലയിരുത്തി. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു.

വിര്‍ജിന ഫോര്‍ത്ത് സര്‍ക്യൂട്ട് അപ്പീല്‍ കോടതിയാണ് യാത്രാവിലക്കിയ ഉത്തരവിനുള്ള സ്‌റ്റേ നീക്കാനാകില്ലെന്ന് വിധിച്ചത്. മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള വിസ നിരോധിക്കുന്നതില്‍ നിന്ന് രാജ്യത്തെ പിന്തിരിപ്പിക്കണമെന്ന കീഴ്‌കോടതി വിധി വിര്‍ജീനിയ കോടതി ശരിവെക്കുകയായിരുന്നു.

ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ഏറെ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ഇതേ തുടര്‍ന്ന് പരിഷ്‌കരിച്ച ഉത്തരവ് പുറത്തിറക്കിയെങ്കിലും കാതലായ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല.

തീവ്രവാദ ഭീഷണി നേരിടാനും ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയുമാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം. എന്നാല്‍ തീവ്രവാദ ഭീഷണി നേരിടാന്‍ മുസ്ലിം യാത്രാവിലക്കിന് പകരം ഏറെ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് കോടതി വിലയിരുത്തി.

മതപരമായ അസഹിഷ്ണുതയും മുസ്‌ലിം വിരോധവും വിവേചനവും സൃഷ്ടിക്കുന്നതാണ് യാത്രാവിലക്കെന്ന് കോടതി ചൂണ്ടിക്കാട്ടി. മതപരമായ വിവേചനം ഉണ്ടാക്കുന്ന തീരുമാനം ഭരണഘടനാ വിരുദ്ധമാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

എന്നാല്‍ വിധിക്കെതിരെ ട്രംപ് ഭരണകൂടം രംഗത്ത് വന്നു. ഉത്തരവില്‍ ഒരിടത്തും മതത്തെകുറിച്ച് പരമാര്‍ശിക്കുന്നില്ലെന്ന് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് പറഞ്ഞു. തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന രാജ്യങ്ങളായതിനാലാണ് വിലക്കെന്നാണ് ഇവരുടെ വാദം.

വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും എ ജി വ്യക്തമാക്കി. ആവശ്യമെങ്കില്‍ കേസ് ഫെഡറല്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് നേരത്തേ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News