വെടിയൊച്ചകള്‍ക്ക് നടുവില്‍ പാകിസ്താന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു
സ്ഫോടനങ്ങള്‍ക്കും വെടിയൊച്ചകള്‍ക്കും നടുവില്‍ പാകിസ്താനില്‍ ഇന്ന് എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷം
സ്ഫോടനങ്ങള്‍ക്കും വെടിയൊച്ചകള്‍ക്കും നടുവില്‍ പാകിസ്താനില്‍ ഇന്ന് എഴുപതാം സ്വാതന്ത്ര്യ ദിനാഘോഷം. 375 പേരാണ് ഈ വര്‍ഷം ഇതുവരെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. തലസ്ഥാന നഗരിയുള്‍പ്പെടെ രാജ്യമെങ്ങും കനത്ത കാവലിലാണിപ്പോള്‍.
തുടർച്ചയായുണ്ടാകുന്ന സ്ഫോടനങ്ങളില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് രാജ്യം. ഈ വര്‍ഷം ഇതുവരെ രാജ്യത്തുണ്ടായത് 22 സ്ഫോടനങ്ങളാണ്. കൊല്ലപ്പെട്ട 375 പേരില്‍ അമ്പതിലേറെ കുഞ്ഞുങ്ങളുണ്ട്. അമ്പതിലേറെ പട്ടാളക്കാരും. എട്ട് സ്ഫോടനങ്ങളാണ് ഫെബ്രുവരിയില്‍ മാത്രം നടന്നത്. കൊല്ലപ്പെട്ടത് നൂറ്റി മുപ്പതിലേറെപ്പേർ. മാർച്ച്, ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ രണ്ട് സ്ഫോടനങ്ങള്‍ വീതം നടന്നു. ജൂലായ് മാസം മൂന്നെണ്ണവും ഈ മാസം ഇതുവരെ രണ്ട് സ്ഫോടനങ്ങളുമുണ്ടായി.
സ്വാതന്ത്ര ദിനാഘോഷം നടക്കുന്ന വേദി ലക്ഷ്യമാക്കി ഇന്നലെ നടന്ന സ്ഫോടനത്തില്‍ 8 പട്ടാളക്കാരടക്കം 15 പേർ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. റോഡിലൂടെ കടന്നു പോകുകയായിരുന്ന പട്ടാള ട്രക്ക് പൂര്‍ണമായും തകര്‍ന്നു. വന്‍ സുരക്ഷാവലയം തീര്‍ത്തിട്ടുള്ള പ്രദേശമാണ് ക്വറ്റ. ഇവിടെയുണ്ടായ സ്ഫോടനത്തിന് സൈന്യത്തില്‍ നിന്ന് സഹായമുണ്ടായോ എന്നും സംശയമുണ്ട്. എന്നാലും സ്വാതന്ത്ര ദിനാഘോഷം ഗംഭീരമാക്കാന്‍ തെരുവിലിറങ്ങുകയാണ് യുവാക്കള്‍.