എവറസ്റ്റ് പര്‍വതത്തിന്റെ ഉയരം വീണ്ടും അളക്കുന്നു
അടുത്ത മാസം പര്‍വതത്തിന്റെ ഉയരമളക്കുന്ന സര്‍വേ നടപടികള്‍ തുടങ്ങും
എവറസ്റ്റ് പര്‍വതത്തിന്റെ ഉയരം നേപ്പാള്‍ വീണ്ടും അളക്കുന്നു. അടുത്ത മാസം പര്‍വതത്തിന്റെ ഉയരമളക്കുന്ന സര്‍വേ നടപടികള്‍ തുടങ്ങും. ഭൂകമ്പവും ആഗോള താപനവും പര്‍വതത്തിന്റെ ഉയരം കുറച്ചിട്ടുണ്ടെന്ന പഠനങ്ങള്‍ക്കിടെയാണ് തീരുമാനം.
8848 മീറ്ററാണ് എവറസ്റ്റിന്റെ ഉയരം. അതായത് 29,029 അടി. ഈ കണക്കിന് ആറ് പതിറ്റാണ്ട് പഴക്കമുണ്ട്. 2015ല്‍ നേപ്പാളിനെ പിടിച്ചു കുടുക്കിയ ഭൂകമ്പം പര്‍വത്തിന് കോട്ടമുണ്ടാക്കി. പലഭാഗത്തും വിള്ളലേറ്റ് അടര്‍ന്നു വീണു. നിരവധി ഗവേഷകര്‍ ഈ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു. ആഗോള താപനവും മഞ്ഞുരുക്കം ശക്തമാക്കി. ഇതും കോട്ടം വരുത്തി പര്‍വതത്തിന്. ചുരുക്കത്തില്‍ പര്‍വതത്തിന്റെ ഉയരത്തിലും മാറ്റമുണ്ടായി. ഇതു സംബന്ധിച്ച പത്തിലേറെ പഠനങ്ങള്‍ പുറത്ത് വന്നു. പര്‍വതത്തിന് ഏറ്റവും മുകളിലുള്ള കല്ല് ഹിലരി സ്റ്റെപ്പ് എന്നറിയപ്പെടുന്നു. ശ്രമകരമാണ് ഇതിന് മുകളില്‍ കയറല്‍. ഇതിന് മുകളില്‍ കയറുന്നവരെയാണ് എവറസ്റ്റ് കൊടുമുടി കീഴടക്കിയവരായി കണക്കാക്കാറ്. ഈ കല്ല് ഭൂകമ്പത്തില്‍ അടര്‍ന്നു വീണതായി റിപ്പോര്‍ട്ടുകളുണ്ട്. ബ്രിട്ടീഷ് പര്‍വതാരോഹകനാണ് ഇക്കാര്യം ആദ്യം പറഞ്ഞത്. എന്നാല്‍ ഇത് നശിച്ചില്ലെന്നും മഞ്ഞ് പുതഞ്ഞ് കിടക്കുന്നുവെന്നും പിന്നീട് കയറിയ രണ്ട് പര്‍വതാരോഹകരും പറയുന്നു ഇത് കണ്ടെത്തലും സര്‍വേയുടെ ലക്ഷ്യമാണ്.
നേപ്പാള്‍ സര്‍വേ വിഭാഗം ഇതു സംബന്ധിച്ച ജോലിയിലാണിപ്പോള്‍. ഇന്ത്യയിലെ സര്‍വേ വകുപ്പും ഇതിന് താല്‍പര്യമറിയിച്ചിട്ടുണ്ട്. 14 കോടിയാണ് പര്‍വതമളക്കാനുള്ള ചെലവ്. സര്‍വെ പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷം സമയവുമെടുക്കും.