ട്രംപ് നികുതി വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ഹിലരി ക്ലിന്‍റണ്‍
തന്‍റെ മീറ്റ് ദ പ്രസ് പരിപാടിയിലാണ് ഹിലരി ക്ലിന്‍റണ്‍ മുഖ്യ എതിരാളിയായ ഡൊണാള്‍ഡ് ട്രംപിനെയും അദ്ദേഹത്തിന്‍റെ ആശയങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചത്.
അമേരിക്കയിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് നികുതി വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ഹിലരി ക്ലിന്‍റണ്‍. ട്രംപിന്‍റെ ഇംഗ്ലണ്ടുമായുള്ള പിണക്കവും നോര്‍ത്ത് കൊറിയയുമായുള്ള ഇണക്കവും അമേരിക്കക്ക് ദോഷം ചെയ്യുമെന്നും ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായ ഹിലരി പറഞ്ഞു.
തന്‍റെ മീറ്റ് ദ പ്രസ് പരിപാടിയിലാണ് ഹിലരി ക്ലിന്‍റണ്‍ മുഖ്യ എതിരാളിയായ ഡൊണാള്‍ഡ് ട്രംപിനെയും അദ്ദേഹത്തിന്‍റെ ആശയങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചത്. അമേരിക്കക്ക് അപകടകരമായ രീതിയിലാണ് ഡൊണാള്‍ഡ് ട്രംപിന്‍റെ സംസാരവും പ്രവര്‍ത്തിയും.
അമേരിക്കയുടെ ഉറ്റ സുഹൃത്തായ ഇംഗ്ലണ്ടിനെ കടന്നാക്രമിച്ച ട്രംപ് അപകടകാരിയായ ഉത്തര കൊറിയയെ വാനോളം പുകഴ്ത്തുകയും ചെയ്തു. ശക്തമായ സൈനിക സഖ്യമായ നാറ്റോയെ തുടര്‍ച്ചയായി തള്ളിപ്പറഞ്ഞതടക്കം അമേരിക്കക്ക് ഭീഷണിയാവുന്ന തരത്തിലാണ് ട്രംപ് പ്രവര്‍ത്തിക്കുന്നതെന്ന് ഹിലരി ക്ലിന്‍റണ്‍ പറഞ്ഞു.
നികുതി വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ ട്രംപ് ഇനിയും തയ്യാറാവാത്തത് ആദായ നികുതി അടക്കുന്നതില്‍ അദ്ദേഹം വീഴ്ച വരുത്തിയത് കൊണ്ടാണെന്നും ഹിലരി ക്ലിന്‍റണ്‍ പറഞ്ഞു.
ഡൊണാള്‍ഡ് ട്രംപ് നികുതി വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ചതിന് പിന്നാലെ ഹിലരി ക്ലിന്‍റണ്‍ കഴിഞ്ഞ ദിവസം തന്‍റെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം എന്‍ ബി സി നടത്തിയ സര്‍വേയില്‍ ട്രംപിനേക്കാള്‍ നേരിയ മുന്‍തൂക്കം ഹിലരിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ സര്‍വേയില്‍ ട്രംപ് ഏറെ മുന്നിലായിരുന്നു.