പാകിസ്താനില്‍ ഭീകരാക്രമണം;51 പേര്‍ കൊല്ലപ്പെട്ടു
ക്വറ്റയിലെ പൊലീസ് ട്രെയിനിംഗ് കോളജിന് നേരെയാണ് ആക്രമണമുണ്ടായത്
പാകിസ്താനിലെ ക്വറ്റയില്‍ പൊലീസ് ട്രെയിനിങ് കോളജിന് നേരെ ഭീകരാക്രമണം. 51 പേര്‍ കൊല്ലപ്പെട്ടതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
600 ലധികം പൊലീസ് കാഡറ്റുകളുള്ള ട്രെയിനിങ് കോളജിന് നേരെയാണ് ആക്രമണം നടന്നത്. 2 ഭീകരര്‍ സ്വയം പൊട്ടിത്തെറിച്ചപ്പോള്‍ ഒരാള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു. ബലൂച് പ്രവിശ്യയിലുള്ള ട്രെയിനിങ് കോളേജില്‍ നിന്ന് കാഡറ്റുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ അവസാനിച്ചെന്ന് ബലൂചിസ്ഥാന്‍ ആഭ്യന്തരമന്ത്രി സര്‍ഫ്രാസ് അഹ്മദ് ബുഗ്തി പറഞ്ഞു. എ കെ 47 തോക്കുകളുമായാണ് ഭീകരര്‍ എത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോളജിനുള്ളില്‍ 3 സ്ഫോടനങ്ങള്‍ നടന്നതായും ദൃക്സാക്ഷികള്‍ പറയുന്നു. 65ലധികം കാഡറ്റുകള്‍ക്ക് പരിക്കുകളുണ്ട്. മേഖലയില്‍ പാക് സൈന്യം വ്യോമനിരീക്ഷണം ശക്തമാക്കി. ഇതിനുമുന്പ് 2008ലും 2006ലും ഇവിടെ ഭീകരാക്രമണങ്ങളുണ്ടായിട്ടുണ്ട്.