ഫലസ്തീനിലേക്കുള്ള കുടിവെള്ള വിതരണം ഇസ്രയേല്‍ തടഞ്ഞു
ഇസ്രയേലിലേക്കുള്ള യാത്രാനുമതി നിഷേധിച്ചതിന് പിന്നാലെ ഫലസ്തീനികള്‍ക്ക് നേരെ വീണ്ടും ഇസ്രയേല്‍ നടപടി.
ഇസ്രയേലിലേക്കുള്ള യാത്രാനുമതി നിഷേധിച്ചതിന് പിന്നാലെ ഫലസ്തീനികള്‍ക്ക് നേരെ വീണ്ടും ഇസ്രയേല്‍ നടപടി. വെസ്റ്റ്ബാങ്കില്‍ ഫലസ്തീനികള്‍ക്കുള്ള കുടിവെള്ള വിതരണം ഇസ്രയേല്‍ നിര്‍ത്തിവെച്ചു. ഇതോടെ റമദാന്‍ മാസത്തില്‍ പതിനായിരക്കണക്കിന് ഫലസ്തീനികളാണ് പ്രയാസമനുഭവിക്കുന്നത്.
മെക്റോട്ട് എന്ന കമ്പനിയാണ് ഫലസ്തീനിലെ നഗര-ഗ്രാമ പ്രദേശങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത്. വെള്ളം നല്‍കുന്നത് നിര്‍ത്തിയതോടെ ജെനിന്‍, സാല്‍ഫിത്, തുടങ്ങിയ നഗരങ്ങളിലും സമീപ പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്. റമദാന്‍ മാസമായതിനാല്‍ പതിനായിരക്കണക്കിനാളുകളെ ഇത് ബാധിച്ചിട്ടുണ്ട്. പലരും കുടിവെള്ളം വിതരണം ചെയ്യുന്ന ട്രക്കുകളെയും അരുവികളെയുമാണ് ആശ്രയിക്കുന്നത്. ചിലയിടത്ത് വെള്ളത്തിന് റേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ദിവസം രണ്ടോ മൂന്നോ ലിറ്റര്‍ വെള്ളം കൊണ്ട് കഴിയേണ്ട അവസ്ഥയാണുള്ളത്. കടുത്ത ചൂടാണ് നിലവില്‍ പലയിടത്തും. ജെനിന്‍ മേഖലയില്‍ 40,000 ആളുകളാണ് കഴിയുന്നത്. ഇവിടെ നേരത്തെ ലഭിച്ചിരുന്ന കുടിവെള്ളത്തിന്റെ അളവിന്റെ നേര്‍ പകുതിയാണ് ഇപ്പോള്‍ ലഭിക്കുന്നത്. എന്നാല്‍ വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ പൌരന്മാര്‍ക്ക് ആവശ്യമായ വെള്ളം ഇപ്പോഴും ലഭ്യമാക്കുന്നുണ്ട്. ഫലസ്തീനികള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ അഞ്ചിരട്ടി വെള്ളം ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. വെസ്റ്റ്ബാങ്കിലും ഗാസ മുനമ്പിലും 1967 മുതല്‍ ഇസ്രയേല്‍ വെള്ളത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിവരുന്നുണ്ട്.