സിറിയയിലെ ഇദ് ലിബ് പ്രവിശ്യയിലുണ്ടായ വ്യോമാക്രമണത്തില്‍ സ്കൂള്‍ കുട്ടികളടക്കം 26 പേര്‍ കൊല്ലപ്പെട്ടു
വിമത നിയന്ത്രണ മേഖലയായ ഇദ്ലിബ് പ്രവിശ്യയിലെ ഹാസ് ഗ്രാമത്തിലാണ് പ്രസിഡന്റ് ബശ്ശാറുല് അസദിനെ അനുകൂലിക്കുന്ന സൈന്യം റഷ്യന് പോര്‍ വിമാനങ്ങളുടെ സഹായത്തോടെ വ്യോമാക്രമണം നടത്തിയത്
സിറിയയിലെ ഇദ് ലിബ് പ്രവിശ്യയിലുണ്ടായ വ്യോമാക്രമണത്തില്‍ സ്കൂള്‍ കുട്ടികളടക്കം 26 പേര്‍ കൊല്ലപ്പെട്ടു. സര്‍ക്കാറിനെ അനുകൂലിക്കുന്ന സൈന്യവും റഷ്യന്‍ പോര്‍ വിമാനങ്ങളുമാണ് ആക്രമണം നടത്തിയതെന്ന് സന്നദ്ധ സംഘടനയായ സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന് റൈറ്റ്സ് അറിയിച്ചു.
വിമത നിയന്ത്രണ മേഖലയായ ഇദ്ലിബ് പ്രവിശ്യയിലെ ഹാസ് ഗ്രാമത്തിലാണ് പ്രസിഡന്റ് ബശ്ശാറുല് അസദിനെ അനുകൂലിക്കുന്ന സൈന്യം റഷ്യന് പോര്‍ വിമാനങ്ങളുടെ സഹായത്തോടെ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില് സ്കൂള് കെട്ടിടം പൂര്‍ണമായും തകര്‍ന്നു. വിദ്യാര്‍ഥികള്‍ വീട്ടിലേക്ക് പോകുന്ന സമയത്താണ് ആക്രമണം ഉണ്ടായത്. അതുകൊണ്ടുതന്നെ മരണ സംഖ്യ ഉയരാനും സാധ്യതയുണ്ട്. പരിക്കേറ്റ കുട്ടികളുടെ അവസ്ഥ അതീവ ഗുരതരമാണെന്ന് സിറിയന് ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന് റൈറ്റ്സ് അറിയിച്ചു. വിമത നിയന്ത്രണമുള്ള മേഖലകളില്‍ സാധാരണക്കാര് ജീവിക്കുന്ന കെട്ടിടങ്ങള്‍, സ്കൂളുകള്‍, ആശുപത്രികള്‍ എന്നിവക്ക് നേരെ സര്‍ക്കാര്‍ സൈന്യം ആക്രമണം രൂക്ഷമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. സിറിയയില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങള്‍ കണക്കിലെടുത്ത് ഹ്യൂമന്‍ റൈറ്റ്സ് കൌണ്‍സിലില്‍ നിന്ന് റഷ്യയെ പുറത്താക്കണമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടിരുന്നു. 2011 ല്‍ ആരംഭിച്ച യുദ്ധത്തില്‍ ഇതുവരെ 3 ലക്ഷത്തിലധികം പേര് മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇതില് ഏറേയും കുട്ടികളും സ്ത്രീകളുമാണ്.