2050ല്‍ ലോകജനസംഖ്യ 980 കോടിയിലെത്തും, ഇന്ത്യ ചൈനയെ മറികടക്കും
ജനസംഖ്യയുടെ കാര്യത്തില്‍ മൂന്നാമതുള്ള അമേരിക്കയെ പിന്തള്ളി ആ സ്ഥാനത്ത് നൈജീരിയയെത്തുമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു
ലോക ജനസംഖ്യ 2050ല്‍ എത്തുമ്പോള്‍ 980 കോടിയിലെത്തുമെന്ന് ഐക്യരാഷ്ട്രസഭ. 2024 ഓടെ ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറും. ജനസംഖ്യയുടെ കാര്യത്തില്‍ മൂന്നാമതുള്ള അമേരിക്കയെ പിന്തള്ളി ആ സ്ഥാനത്ത് നൈജീരിയയെത്തുമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക, സാമൂഹ്യകാര്യ വകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ലോകജനസംഖ്യ സംബന്ധിച്ച വ്യക്തമായ കണക്കുകള്‍ ഉള്ളത്, റിപ്പോര്‍ട്ട് പ്രകാരം 2050ഓടെ ലോകജനസംഖ്യയില്‍ വന്‍ വര്‍ധനവാണ് ഉണ്ടാകുക. നിലവില്‍ 760കോടിയെന്നത് 2050ല്‍ 980കോടിയായി ജനസംഖ്യ വര്‍ധിക്കും. 2030ല്‍ 860കോടി, 2100ല്‍ 1120കോടി എന്നിങ്ങനെ ജനസംഖ്യാ വര്‍ധനവ് കണക്കാക്കുന്നു. ഇപ്പോള്‍ ലോക ജനസംഖ്യയില്‍ ഏറ്റവും മുന്നിലുള്ള ചൈനയെ ഇന്ത്യ മറികടക്കും. അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയായിരിക്കും ജനസംഖ്യയില്‍ ഒന്നാമന്‍. മൂന്നാമതുള്ള അമേരിക്കയെ നിലവില്‍ ഏഴാമതുള്ള നൈജീരിയ മറികടക്കും. ജനസംഖ്യയിലെ നേര്‍പകുതി വര്‍ധന 9 രാജ്യങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും. ഇന്ത്യ, നൈജിരിയ, കോംഗോ, പാകിസ്താന്‍, എത്യോപ്യ, ടാന്‍സാനിയ, അമേരിക്ക, ഉഗാണ്ട, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണിവ. ഓരോ വര്‍ഷവും 83കോടി ജനസംഖ്യാ വര്‍ധനവാണ് ലോകത്തുണ്ടാകുന്നത്. 60 വയസ്സിനു മുകളിലുള്ളവരുടെ എണ്ണത്തില്‍ 2050 ആകുമ്പോഴേയ്ക്കും ഇരട്ടിയിലധികം വര്‍ധനയുണ്ടാകും. യൂറോപ്യന്‍ രാജ്യങ്ങളായിരിക്കും ജനസംഖ്യയില്‍ ഏറ്റവും പിന്നില്‍ ഉണ്ടാകുക.