യുഎസ്- ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസത്തിനെതിരെ ശക്തമായി തിരിച്ചടിക്കും: ഉത്തര കൊറിയ
സൈനിക പരിശീലനത്തില്‍ മാരകമായ ആയുധങ്ങളാണ് ഇരു രാജ്യങ്ങളും ഉപയോഗിക്കുന്നതെന്ന് ഉത്തര കൊറിയ ആരോപിച്ചു
യുഎസ്- ദക്ഷിണ കൊറിയ സംയുക്ത സൈനിക അഭ്യാസത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് ഉത്തര കൊറിയ. സൈനിക പരിശീലനത്തില്‍ മാരകമായ ആയുധങ്ങളാണ് ഇരു രാജ്യങ്ങളും ഉപയോഗിക്കുന്നതെന്ന് ഉത്തര കൊറിയ ആരോപിച്ചു. കിങ് ജോങ് ഉന്നിനെ വധിക്കാനാണ് സൈനികര്‍ക്ക് പരിശീലനം നല്‍കുന്നതെന്നും ഉത്തര കൊറിയ കുറ്റപ്പെടുത്തി.
അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന സൈനിക അഭ്യാസത്തെ ശക്തമായ ഭാഷയിലാണ് ഉത്തര കൊറിയ വിമര്‍ശിച്ചത്. ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന രാജ്യങ്ങള്‍ മാരകമായ ആയുധങ്ങളാണ് സൈനിക അഭ്യാസത്തില്‍ ഉപയോഗിക്കുന്നതെന്ന് ഉത്തര കൊറിയ കുറ്റപ്പെടുത്തി. കിങ് ജോങ് ഉന്നിനെ വധിക്കാനായുള്ള പരിശീലനമാണ് സൈനികര്‍ക്ക് നല്‍കുന്നത്. കൊറിയന്‍ ഉപദ്വീപില്‍ ആണവയുദ്ധത്തിനായാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നതെന്നും ഉത്തര കൊറിയ വിമര്‍ശിച്ചു.
ഇരു രാജ്യങ്ങളുടെയും നീക്കത്തിനെ ഒരു ദയയുമില്ലാതെ നേരിടുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കി. നിലവിലെ സംഘര്‍ഷാവസ്ഥ ഒരു യുദ്ധത്തിലേക്ക് നീങ്ങില്ലെന്ന ഉറപ്പ് നല്‍കാനാകില്ലെന്നും ഉത്തരകൊറിയയുടെ പ്രസ്താവനയില്‍ പറയുന്നു. ആണവ പരീക്ഷണങ്ങള്‍ സ്വയം പ്രതിരോധത്തിന്റെ ഭാഗമാണെന്ന് നിലപാടും ഉത്തര കൊറിയ ഐക്യരാഷ്ട്ര സഭയില്‍ ആവര്‍ത്തിച്ചു. ഉത്തര കൊറിയയുടെ ഭീഷണി നേരിടാന്‍ എല്ലാ ശക്തിയും പ്രയോഗിക്കുമെന്ന് അമേരിക്കയും വ്യക്തമാക്കി.
പസഫിക്കില്‍ യുഎസ് കമാന്‍ഡര്‍ ഹാരി ഹാരിസ് ഉള്‍പ്പെടെയുള്ള ഉന്നത ജനറലുകളും ദക്ഷിണ കൊറിയ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് താക്കീത്. ദക്ഷിണ കൊറിയയിലെ അമേരിക്കന്‍ മിസൈല്‍ പ്രതിരോധ യന്ത്രങ്ങളും കമാന്‍ഡര്‍മാര്‍ സന്ദര്‍ശിക്കും. ദി ഉല്‍ച്ചി ഫ്രീഡം ഗാര്‍ഡിയന്‍ ഡ്രില്‍സ് എന്ന് പേരിട്ട സൈനിക അഭ്യാസത്തില്‍ 70,000 ത്തോളം യുഎസ് - ദക്ഷിണ കൊറിയന്‍ സൈനികരാണ് പങ്കെടുക്കുന്നത്.