ടെക്സാസ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിയുടെ മരണം; 17 കാരന്‍ അറസ്റ്റില്‍
ടെക്സാസ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് 17 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ടെക്സാസ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് 17 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങളിലെ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഒരു അഭയാര്‍ഥി കേന്ദ്രത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ പ്രതി എന്തിനാണ് കൊലപാതകം നടത്തിയതെന്ന കാര്യത്തില്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മിഖായേല്‍ ക്രൈനര്‍ എന്ന പതിനേഴുകാരനാണ് അറസ്റ്റിലായത്.
കൊല്ലപ്പെട്ട പെണ്‍കുട്ടിയെ ഇയാള്‍ പിന്തുടരുന്ന രീതിയിലുള്ള ദൃശ്യങ്ങള്‍ സര്‍വകലാശാലാ കാമ്പസിനകത്തെ സിസിടിവിയില്‍ തെളിഞ്ഞിരുന്നു.
ഇതേതുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ അടുത്തുള്ള അഭയാര്‍ഥി കേന്ദ്രത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളൊരു അനാഥനാണെന്ന് വെളിപ്പെടുത്തിയ പൊലീസ് പക്ഷെ ഇയാളുടെ മേല്‍വിലാസമോ മറ്റു വിവരങ്ങളോ പുറത്തു വിട്ടിട്ടില്ല. പ്രതി എന്തിനാണ് കുറ്റം ചെയ്തതെന്ന് കാര്യത്തിലും വിവരങ്ങളില്ല. കൊല്ലപ്പെടുന്ന സമയത്ത് വിദ്യാര്‍ഥിനിയുടെ പക്കലുണ്ടായിരുന്ന ബാഗും ആഭരണങ്ങളും നഷ്ടപ്പെട്ടത് കൊലപാതകം മോഷണത്തിനിടെയാണോയെന്ന സംശയവും ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹാറുക വെയ്സറെന്ന വിദ്യാര്‍ഥിനിയെ കൊല്ലപ്പെട്ട നിലയില്‍ കാമ്പസില്‍ കണ്ടെത്തിയത്. തലേന്ന് രാത്രി ഹോസ്റ്റലില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥിനിയെ കൊല്ലപ്പെട്ട നിലയിലാണ് പിന്നീട് കണ്ടെത്തിയത്. മാരകമായ മുറിവുകള്‍ വിദ്യാര്‍ഥിനിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നു. അതീവ സുരക്ഷയുള്ള ടെക്സാസ് യൂണിവേഴ്സിറ്റിയില്‍ എങ്ങനെ കൊലയാളിക്ക് കടക്കാനായെന്ന് കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.