കേവല ഭൂരിപക്ഷമില്ലെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് തെരേസാ മേ
കേവലഭൂരിപക്ഷത്തിനാവശ്യമായ 326 സീറ്റുകളില്‍ എട്ടു സീറ്റുകളുടെ കുറവുണ്ട് മേയുടെ പാര്‍ട്ടിക്ക്. ഇത് അയര്‍ലണ്ടിലെ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണ സ്വീകരിച്ച് പരിഹരിക്കാനാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ശ്രമം...
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടിയില്ലെങ്കിലും പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ. കേവല ഭൂരിപക്ഷത്തിന് വേണ്ട സീറ്റുകളുടെ കുറവ് പരിഹരിക്കാന്‍ ചെറുകക്ഷികളുമായി ധാരണയിലെത്തിയിട്ടുണ്ട്. ബക്കിങ്ഹാം കൊട്ടാരത്തില്‍ എലിസബത്ത് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മേ സര്‍ക്കാറിനായി അവകാശവാദമുന്നയിച്ചു.
650 അംഗ പാര്‍ലമെന്റാണ് ബ്രിട്ടണിലേത്. ഇതില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഫലം വരാനുള്ളത്. 326 സീറ്റുകള്‍ വേണം കേവല ഭൂരിപക്ഷത്തിന്. ഇതിന് എട്ടു സീറ്റുകളുടെ കുറവുണ്ട്. ഇത് പരിഹരിക്കാന്‍ അയര്‍ലണ്ടിലെ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണ സ്വീകരിക്കും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി. പത്ത് സീറ്റുണ്ടവര്‍ക്ക്. നിലവിലെ മന്ത്രിസഭയിലുള്ള പ്രധാനികളെല്ലാം തുടരും. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണ ലഭിച്ചതോടെ ബ്രക്‌സിറ്റ് നടപടികള്‍ തുടരാനാകുമെന്നാണ് മേയുടെ പ്രതീക്ഷ.
എന്നാല്‍ ഏതെങ്കിലുമൊരും ഘട്ടത്തില്‍ ഈ പാര്‍ട്ടി പിന്തുണ പിന്‍വലിച്ചാല്‍ പരുങ്ങലിലാകും കാര്യങ്ങള്‍. 2020 വരെ അധികാരത്തില്‍ തുടരാമെന്നിരിക്കെ അപ്രതീക്ഷിതമായാണ് ഏഴാഴ്ച്ച മുമ്പ് ഏവരെയും ഞെട്ടിച്ച് മേയ് ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഫലം പ്രതീക്ഷിച്ചതിന് വിപരീതമായതോടെ വിപണിയില്‍ ഇടിവുണ്ടായി ബ്രിട്ടനില്‍.