ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള ബജറ്റ് പാസായില്ല; അമേരിക്കയില്‍ വന്‍സാമ്പത്തിക പ്രതിസന്ധി
സെനറ്റ് യോഗത്തില്‍ നടന്ന വോട്ടെടുപ്പില്‍ ബില്‍ പാസാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിസന്ധി രൂപപ്പെട്ടത്
അമേരിക്കയില്‍ ഒരു മാസത്തേക്കുള്ള ധനബില്‍ പാസാക്കാനുള്ള സര്‍ക്കാര്‍ ശ്രമം സെനറ്റില്‍ പരാജയപ്പെട്ടു. ഇതോടെ അമേരിക്കയില്‍ വന്‍ സാമ്പത്തിക പ്രതിസന്ധി രൂപപ്പെട്ടു. നിരവധി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസപ്പെട്ടേക്കുമെന്നാണ് സൂചന. നാല്‍പത് ശതമാനം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും മുടങ്ങും.
ഫെബ്രുവരി പതിനാറ് വരെ കാലയളവിലേക്കുള്ള ധന ബില്ലാണ് സെനറ്റില്‍ പരാജയപ്പെട്ടത്. നേരത്തെ പ്രതിനിധി സഭ പാസാക്കിയ ബില്ലിന് സെനറ്റില്‍ 50 പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ബില്‍ പാസാകാന്‍ 60 വോട്ട് വേണ്ടിയിരുന്നു. ബില്ലിനെ 49 അംഗങ്ങള്‍ എതിര്‍ത്തു. 5 ഡെമോക്രാറ്റുകള്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ 4 റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ എതിര്‍ത്തു.
ആഭ്യന്തര സുരക്ഷ, എഫ്ബിഐ തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള പ്രവര്‍ത്തന ഫണ്ട് ഇതോടെ തടസപ്പെട്ടു. നിരവധി സര്‍ക്കാര്‍ ഓഫീസുകളുടെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം നിലച്ചേക്കും. നാല്‍പത് ശതമാനത്തോളം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം തടസപ്പെടും.
ചെറുപ്പക്കാരായ കുടിയേറ്റക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാത്തതിനെ തുടര്‍ന്നാണ് ബില്‍ പാസാകാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് അമേരിക്കയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുന്നത്. 2013ല്‍ സമാന സ്ഥിതിവിശേഷമുണ്ടായപ്പോള്‍ പ്രതിസന്ധി പതിനാറ് ദിവസം നീണ്ടുനിന്നിരുന്നു.