ജമാഅത്തെ ഇസ്ലാമി നേതാവ് മുതീഉര്‍റഹ്മാന്‍ നിസാമിയുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു

Update: 2018-04-22 14:40 GMT
Editor : admin
ജമാഅത്തെ ഇസ്ലാമി നേതാവ് മുതീഉര്‍റഹ്മാന്‍ നിസാമിയുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു
Advertising

ബംഗ്ളാദേശ് വിമോചന സമര കാലത്ത് യുദ്ധക്കുറ്റങ്ങള്‍ചെയ്തുവെന്നാരോപിച്ചാണ്72കാരനായ നിസാമിക്ക് ബംഗ്ലാദേശ് ഭരണകൂടം വധശിക്ഷവിധിച്ചത്.

ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് മുതീഉര്‍റഹ്മാന്‍ നിസാമിയുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. വധശിക്ഷക്കെതിരെ 72കാരനായ നിസാമി സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി പ്രസ്താവം. അതേസമയം സര്‍ക്കാര്‍ പ്രതികാരം തീര്‍ക്കുകയാണെന്നു ജമാഅത്തെ ഇസ്ലാമി പ്രതികരിച്ചു

ചീഫ് ജസ്റ്റിസ് സുരേന്ദ്രകുമാര്‍ സിന്‍ഹയടങ്ങുന്ന നാലംഗ ബെഞ്ചാണ് നിസാമിയുടെ ഹരജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്. ബംഗ്ളാദേശ് വിമോചന സമര കാലത്ത് യുദ്ധക്കുറ്റങ്ങള്‍ചെയ്തുവെന്നാരോപിച്ചാണ്72കാരനായ നിസാമിക്ക് ബംഗ്ലാദേശ് ഭരണകൂടം വധശിക്ഷവിധിച്ചത്. കോടതിവിധിയോടെ വധശിക്ഷനടപ്പാക്കല്‍ സമയത്തിന്റെ മാത്രം പ്രശ്നമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ തുരീന്‍ അഫ്റോസ് പ്രതികരിച്ചു. കോടതി വിധിയെ തുടര്‍ന്ന് രാജ്യത്ത് കനത്തസുരക്ഷ ഏര്‍പ്പെടുത്തി.

ശൈഖ് ഹസീന സര്‍ക്കാര്‍ രൂപവത്കരിച്ച ക്രൈംസ് ട്രൈബ്യൂണല്‍ യുദ്ധക്കുറ്റം ചുമത്തി വധശിക്ഷ വിധിക്കുന്ന പ്രതിപക്ഷനേതാക്കളില്‍ ഏറ്റവും ഒടുവിലത്തെയാളാണ് നിസാമി. നേരത്തെനേതാക്കളടക്കം 12 ഓളം ജമാഅത്ത് പ്രവര്‍ത്തകര്‍ക്കെതിരെയും ട്രൈബ്യൂണല്‍ വധശിക്ഷ വിധിച്ചിരുന്നു.

ബംഗ്ളാദേശ് സര്‍ക്കാര്‍ പ്രതികാരം തീര്‍ക്കുകയാണെന്നും സര്‍ക്കാര്‍ ആസൂത്രിത ഗൂഢാലോചനയുടെ ഇരയാണ് നിസാമി എന്നും ജമാഅത്തെ ഇസ്ലാമി പ്രതികരിച്ചു. മേയ് എട്ടിന് രാജ്യവ്യാപക ഹര്‍ത്താലിനും സംഘടന ആഹ്വാനംചെയ്തു. യുദ്ധക്കുറ്റങ്ങളുടെ വിചാരണക്കായി 2009ലാണ് ശൈഖ് ഹസീന സര്‍ക്കാര്‍ അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണല്‍ സ്ഥാപിച്ചത്. അന്താരാഷ്ട്ര സമിതികളുടെ അംഗീകാരമില്ലാത്ത ട്രൈബ്യൂണലിനെതിരെ ആംനസ്റ്റി ഇന്റര്‍നാഷനലടക്കമുള്ളവിവിധ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News