മതില്‍ നിര്‍മിക്കാന്‍ അമേരിക്കയെ സഹായിക്കില്ലെന്ന് മെക്സിക്കോ

Update: 2018-04-23 05:01 GMT
Editor : Sithara
മതില്‍ നിര്‍മിക്കാന്‍ അമേരിക്കയെ സഹായിക്കില്ലെന്ന് മെക്സിക്കോ
Advertising

അതിര്‍ത്തിയിലെ മതില്‍ നിര്‍മാണത്തിന് ധനസഹായം നല്‍കില്ലെന്ന് ആവര്‍ത്തിച്ച് മെക്സിക്കോ

അതിര്‍ത്തിയിലെ മതില്‍ നിര്‍മാണത്തിന് ധനസഹായം നല്‍കില്ലെന്ന് ആവര്‍ത്തിച്ച് മെക്സിക്കോ. വിഷയത്തില്‍ അമേരിക്കയുടെയും മെക്സിക്കോയുടെയും തലവന്‍മാര്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും പണം നല്‍കില്ലെന്ന തീരുമാനത്തില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്ന് മെക്സിക്കോയുടെ വിദേശകാര്യ മന്ത്രി പറഞ്ഞു.

മെക്സിക്കോയില്‍ നിന്നുള്ള കുടിയേറ്റം തടയുന്നതിനായി അമേരിക്ക - മെക്സികോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുമെന്നാണ് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. മതില്‍ നിര്‍മാണത്തിന് പണം നല്‍കില്ലെന്ന് മെക്സിക്കോയുടെ പ്രസിഡന്റ് എന്‍റിക് പെന നീറ്റോ നേരത്തെ തന്നെ വ്യക്തമാക്കിയിര‌ുന്നു. പ്രസിഡന്റിന്റെ തീരുമാനത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ലെന്ന് വ്യക്തമാക്കിയ മെക്സിക്കോയുടെ വിദേശകാര്യമന്ത്രി ലൂയിസ് വിഡ്ഗറെ അമേരിക്കയിലുള്ള മെക്സിക്കന്‍ പൌരന്‍മാരുടെ സമ്പത്ത് സുരക്ഷിതമായിരിക്കണമെന്നും ആവശ്യപ്പെട്ടു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും മെക്സിക്കന്‍ പ്രസിഡന്റ് എന്‍റിക് പെന നീറ്റോയും തമ്മില്‍ ഇക്കാര്യത്തില്‍ നിരവധി സംഭാഷണങ്ങള്‍ നടന്നതായും പുതിയൊരു കൂടിക്കാഴ്ചക്ക് തീയതി തീരുമാനിച്ചിട്ടില്ലെന്നും ലൂയിസ് പറഞ്ഞു. കഴിഞ്ഞ ദിവസം പെന നീറ്റോ ട്രംപുമായി ഫോണ്‍ സംഭാഷണം നടത്തിയപ്പോഴും മെക്സിക്കോയുടെ നിലപാട് വ്യക്തമാക്കിയിരുന്നു. മതില്‍ നിര്‍മാണത്തിനായുള്ള ധനസമാഹരണത്തിനായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും അതിര്‍ത്തിയില്‍ നികുതി ചുമത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണനയിലാണെന്നും വൈറ്റ് ഹൌസിലെ ചീഫ് ഓഫ് സ്റ്റാഫ് റീന്‍സ് പ്രീബസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News