യമനില്‍ കോളറ ബാധിതരുടെ എണ്ണം 5 ലക്ഷം കവിഞ്ഞു

Update: 2018-04-23 11:54 GMT
Editor : Jaisy
യമനില്‍ കോളറ ബാധിതരുടെ എണ്ണം 5 ലക്ഷം കവിഞ്ഞു
Advertising

നാലു മാസത്തിനിടെയാണ് ഇത്രയും പേര്‍ക്ക് കോളറ ബാധിച്ചത്

യമനില്‍ കോളറ ബാധിതരുടെ എണ്ണം 5 ലക്ഷം കവിഞ്ഞു. നാലു മാസത്തിനിടെയാണ് ഇത്രയും പേര്‍ക്ക് കോളറ ബാധിച്ചത്. 1975 പേരാണ് ഇതുവരെ കോളറാദുരന്തത്തില്‍ മരിച്ചത്.

മരണവക്കിലാണ് യെമന്‍. യുദ്ധം ബാക്കിവെച്ച ദുരിതത്തിനൊപ്പം കോളറയോട് മല്ലിടുകയാണ് ജനം. കുത്തനെ പൊങ്ങിയ കോളറ നിരക്കില്‍ ഐക്യരാഷ്ട്ര സഭ ഇടപെട്ടിരുന്നു. ഇതോടെ ജൂലൈ മുതല്‍ കോളറ ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായി. പക്ഷേ പുതിയ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. പ്രതിദിനം കോളറ ബാധിക്കുന്നത് 5000 പേരെയാണ് കക്കൂസും കുടിവെള്ളവുമൊന്നും ഭൂരിഭാഗത്തിനുമില്ല.

140 ലക്ഷം പേര്‍ക്ക് ശുദ്ധ ജലം ലഭിക്കുന്നില്ലെന്നാണ് ഔദ്യോഗിക കണക്ക്. ഇതാണ് മരണ സംഖ്യയും രോഗവും കുത്തനെ കൂട്ടുന്നത്. യുദ്ധം തുടങ്ങി വെച്ചവരും പിന്നീട് പടര്‍ത്തിയവരുമൊന്നും പ്രശ്ന പരിഹാരത്തിന് കാര്യമായൊന്നും ചെയ്തില്ല. തെരുവോരങ്ങളിലെ മാലിന്യ നീക്കം നിലച്ചതും വിനയായി. അസുഖം ബാധിച്ചവര്‍ക്ക് യഥാ സമയം ചികിത്സ നല്‍കിയാല്‍ ജീവന്‍ രക്ഷപ്പെടുത്താം. പക്ഷേ ദയനീയമാണ് ആശുപത്രികളിലെ അവസ്ഥ. പ്രശ്ന പരിഹാരത്തിന് 30000 ജീവനക്കാരുണ്ടായിരുന്നു. ഇവര്‍ക്ക് ശമ്പളം മുടങ്ങിയിട്ട് മാസങ്ങളായി. പ്രശ്ന പരിഹാരത്തിന് അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലുണ്ടായില്ലെങ്കില്‍‍ കൂട്ടമരണമുണ്ടാകുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കുന്നു. 2015 മെയ് മാസം ആരംഭിച്ച ആഭ്യന്തര യുദ്ധത്തിലും പുറമെ നിന്നുള്ള ഇടപെടലിലും കൊല്ലപ്പെട്ടത് 8160 പേരാണ്.അമ്പതിനായിരത്തോളം പേര്‍ക്ക് പരിക്കേറ്റു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News