ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്ന റോഹിന്‍ഗ്യാ മുസ്ലിംകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന

Update: 2018-04-24 18:16 GMT
ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്ന റോഹിന്‍ഗ്യാ മുസ്ലിംകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന
Advertising

എന്നാല്‍ അഭയാര്‍ത്ഥികളുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ പല കുടുംബങ്ങളെയും ബംഗ്ലാദേശ് തിരിച്ചയക്കുന്നുണ്ട്

മ്യാന്മറില്‍ അക്രമങ്ങള്‍ വ്യാപിച്ചതോടെ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുന്ന റോഹിന്‍ഗ്യാ മുസ്ലിംകളുടെ എണ്ണം കുത്തനെ വര്‍ധിച്ചു. അക്രമങ്ങളില്‍നിന്ന് രക്ഷതേടി നദി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ ബോട്ട് മുങ്ങിയും ചിലര്‍ മരിച്ചു. സൈനിക നടപടിയില്‍ ഇതുവരെ 90 ലേറെ കൊല്ലപ്പെട്ടു. 30,000ത്തോളം പേര്‍ ഇതിനകം അഭയം തേടി പ്രദേശം വിട്ടിട്ടുണ്ട്. മ്യാന്മറിനെയും ബംഗ്ലാദേശിനെയും വേര്‍തിരിക്കുന്ന നഅഫ് നദിയിലാണ് കഴിഞ്ഞ ദിവസം അഭയാര്‍ത്ഥികള്‍ മുങ്ങി മരിച്ചത്. കുട്ടികളടക്കം ഏഴുപേരെ കാണാതായിട്ടുണ്ട്.

നദി മുറിച്ചുകടന്ന് എത്തുന്നവരിപ്പോള്‍ ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളിലാണ്. എന്നാല്‍ അഭയാര്‍ത്ഥികളുടെ ഒഴുക്ക് നിയന്ത്രിക്കാന്‍ പല കുടുംബങ്ങളെയും ബംഗ്ലാദേശ് തിരിച്ചയക്കുന്നുണ്ട്. ഇത് അഭയാര്‍ത്ഥികളുടെ സ്ഥിതി കൂടുതല്‍ ദയനീയമാക്കുകയാണ്. ഒക്ടോബര്‍ ആദ്യവാരം ഒമ്പത് മ്യാന്മര്‍ സൈനികര്‍ ഒരു സംഘം നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് റോഹന്‍ഗ്യാ ഗ്രാമങ്ങളില്‍ സൈന്യം നരനായാട്ട് തുടങ്ങിയത്. തീവ്രവാദികളെ പിടികൂടാനെന്ന പേരില്‍ റാഖൈന്‍ സ്റ്റേറ്റിലെ റോഹിന്‍ഗ്യാ പ്രദേശങ്ങളിലേക്ക് ഇരച്ചുകയറിയ സൈനികര്‍ കുട്ടികളടക്കം നിരവധി പേരെ വെടിവെച്ചുകൊന്നു.

മ്യാന്മര്‍ സേന മുസ്‍ലിം സ്ത്രീകളെ ബലാത്സംഗം ചെയ്തതായി പ്രദേശവാസികളും യു എന്നും മനുഷ്യാവകാശ സംഘടനകളും പറയുന്നു. സ്ത്രീകളെയും കുട്ടികളെയും പുറത്തിറങ്ങാന്‍ അനുവദിക്കാതെയാണ് പല വീടുകളും സൈന്യം അഗ്നിക്കിരയാക്കിയതെന്നും മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.

Tags:    

Similar News