കള്ളപ്പണ നിക്ഷേപം: സ്‍പാനിഷ് മന്ത്രി രാജിവെച്ചു
സോറിയക്ക് കള്ളപ്പണനിക്ഷേപം ഉണ്ടെന്ന പാനമരേഖകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് രാജി.
സ്പെയിന്‍ വ്യവസായ മന്ത്രി ഹൊസെ മാനുവന്‍ സോറിയ രാജിവെച്ചു. സോറിയക്ക് കള്ളപ്പണനിക്ഷേപം ഉണ്ടെന്ന പാനമരേഖകള്‍ പുറത്ത് വന്ന സാഹചര്യത്തിലാണ് രാജി. തനിക്കെതിരായ ആരോപണങ്ങള്‍ അദ്ദേഹം തള്ളി.
സ്പെയിനിലെ രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖനാണ് ഭരണകക്ഷിയായ പ്യൂപ്പിള്‍സ് പാര്‍ട്ടി നേതാവ് ഹൊസെ മാനുവല്‍ സോറിയ. വ്യവസായ വകുപ്പിന് പുറമെ ഊര്‍ജ-ടൂറിസം വകുപ്പുകളുടേയും ചുമതല സോറിയയാണ് വഹിച്ചിരുന്നത്. ബ്രിട്ടീഷ് ദ്വീപായ ജഴ്സിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്‍റെ പേര് പാനമരേഖകളിലുണ്ടായിരുന്നത്. അനധികൃത നിക്ഷേപകരുടെ ലിസ്റ്റില്‍ മന്ത്രിയുടെ പേര് പുറത്ത് വന്നതോടെ രാജ്യത്ത് പ്രതിഷേധം ശക്തമായിരുന്നു. ജൂണില്‍ തെരഞ്ഞെടുപ്പ് കൂടി നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് രാജിവെക്കാന്‍ സോറിയ നിര്‍ബന്ധിതനായത്. കള്ളപ്പണനിക്ഷേപമുണ്ടെന്ന വാദം ഹൊസെ മാനുവല്‍ സോറിയ തള്ളി. വിവാദമുയര്‍ന്ന സാഹചര്യത്തില്‍ രാജിവെക്കുകയാണെന്നും അദ്ദേഹം പാര്‍ലമെന്‍റിനെ അറിയിച്ചു. ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് സ്പെയിന്‍ വീണ്ടും തെരഞ്ഞെപ്പിനൊരുങ്ങുന്നത്.