മാലദ്വീപില്‍ അടിയന്തരാവസ്ഥ 30 ദിവസത്തേക്ക് കൂടി നീട്ടി
അടിയന്തരാവസ്ഥയുടെ കാലാവധി നീട്ടാനുള്ള പ്രസിഡന്റ് അബ്ദുള്ള യമീന്റെ നിര്‍ദ്ദേശം പാര്‍ലമെന്റില്‍ വോട്ടിനിട്ടാണ് പാസാക്കിയത്
മാലദ്വീപില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ 30 ദിവസത്തേക്ക് കൂടി നീട്ടി. അടിയന്തരാവസ്ഥയുടെ കാലാവധി നീട്ടാനുള്ള പ്രസിഡന്റ് അബ്ദുള്ള യമീന്റെ നിര്‍ദ്ദേശം പാര്‍ലമെന്റില്‍ വോട്ടിനിട്ടാണ് പാസാക്കിയത്. അതേസമയം നിയവിരുദ്ധമായാണ് വോട്ടെടുപ്പ് നടത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഫെബ്രുവരി അഞ്ചിനാണ് മാലദ്വീപില്‍ 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇത് അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേയാണ് അടിയന്തരാവസ്ഥ 30 ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. ഭരണ കക്ഷിയിലെ 38 പേരുടെ വോട്ടുകളുടെ ബലത്തിലാണ് അടിയന്തരാവസ്ഥ നീട്ടാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്ന പ്രതിപക്ഷം അടിയന്തരാവസ്ഥ നീട്ടിയത് നിയമവിരുദ്ധമായാണെന്ന് ആരോപിച്ചു.
85 അംഗ സഭയില്‍ 43 അംഗങ്ങളെങ്കിലും ഹാജരാണെങ്കില്‍ മാത്രമേ വോട്ടെടുപ്പ് നടത്താവൂ എന്ന ഭരണഘടനാ നിബന്ധന പാലിക്കാത്തതിനാല്‍ വോട്ടെടുപ്പ് അസാധുവാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍ രാജ്യത്ത് അടിയന്തരാവസ്ഥ നീട്ടാന്‍ ഭരണഘടന അനുശാസിക്കുന്ന അംഗ പങ്കാളിത്തം ആവശ്യമില്ലെന്നായിരുന്നു പാര്‍ലമെന്റ് സ്പീക്കര്‍ അബ്ദുല്ല മസീഹിന്റെ പ്രതികരണം.
നാടുകടത്തപ്പെട്ട മുന്‍പ്രസിഡന്റ് മുഹമ്മദ് നഷീദ് അടക്കം 12 രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനും മൂന്ന് എംപിമാരുടെ പാര്‍ലമെന്റിലെ വിലക്ക് നീക്കാനും സുപ്രീം കോടതി ഉത്തരവിട്ടതോടെയാണ് മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി ഉത്തരവിട്ടത്. കോടതി ഉത്തരവ് നടപ്പാക്കാതെ പ്രസിഡന്റ് അബ്ദുള്ള യമീന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. സുപ്രീംകോടതി ജഡ്ജിമാരെയടക്കം അറസ്റ്റു ചെയ്യുകയും ചെയ്തു. തുടര്‍ന്ന് രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്ന് വിധി സുപ്രീംകോടതി പിന്‍വലിച്ചിരുന്നു. രാജ്യത്തിനകത്തും പുറത്തും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച നടപടിക്കെതിരെ പ്രതിഷേധം കനക്കുമ്പോഴാണ് അടിയന്തരാവസ്ഥ 30 ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.