തന്റെ പരാജയത്തിന് കാരണം എഫ്ബിഐ ഡയറക്ടര്‍: ഹിലരി ക്ലിന്റണ്‍
പാര്‍ട്ടിയുടെ സംഭാവന ദാതാക്കളുമായി ഹിലരി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് എഫ്ബിഐ ഡയറക്ടര്‍ക്കെതിരായ പരാമര്‍ശമുള്ളത്
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്റെ പരാജയത്തിന് കാരണം എഫ്ബിഐ ഡയറക്ടര്‍ ജയിംസ് കോമേയുടെ ഇടപെടലുകളാണെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്‍. പാര്‍ട്ടിയുടെ സംഭാവന ദാതാക്കളുമായി ഹിലരി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് എഫ്ബിഐ ഡയറക്ടര്‍ക്കെതിരായ പരാമര്‍ശമുള്ളത്. ഫോണ്‍ സംഭാഷണം മാധ്യമങ്ങള്‍ക്ക് ലഭിച്ചു.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സംഭാവന ദാതാക്കള്‍ക്കായി നല്‍കിയ വിടവാങ്ങല്‍ സന്ദേശത്തിലാണ് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ച് ഹിലരി വ്യക്തമാക്കുന്നത്. ഇതുപോലൊരു തെരഞ്ഞെടുപ്പ് പരാജയത്തിന് നിരവധി കാരണങ്ങളുണ്ടാവും. ജയിംസ് കോമേയുടെ കത്ത് അടിസ്ഥാനമില്ലാത്ത പല സംശയങ്ങളും ജനിപ്പിച്ചു. ഇത് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഗതിയെ ബാധിച്ചു. മേധാവിത്വം തിരിച്ചുപിടിക്കുന്നതിനായി നമുക്ക് കഠിന പരിശ്രമം വേണ്ടിവന്നു. ആരോപണങ്ങളില്‍ പുതിയതായി ഒന്നുമില്ലെന്നും പുതിയ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും കാട്ടി പ്രചരണം അവസാനിക്കുന്ന രണ്ട് നാള്‍ മുന്‍പ് എഫ്ബിഐ ഡയറക്ടര്‍ നല്‍കിയ രണ്ടാമത്തെ കത്ത് ട്രംപ് ക്യാമ്പിന് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നെന്നും ഹിലരി ആരോപിക്കുന്നു.
2009 മുതല്‍ 2013 വരെ ഒബാമയുടെ ഭരണത്തിന് കീഴില്‍ സ്റ്റേറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച ഹിലരിയുടെ ഔദ്യോഗിക മെയിലുകള്‍ ചോര്‍ന്നെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് ജൂലൈയില്‍ അന്വേഷണം പൂര്‍ത്തിയായിരുന്നു. എന്നാല്‍ പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുമെന്ന് ഒക്ടോബര്‍ 28 നാണ് എഫ്ബിഐ ഡയറക്ടര്‍ അറിയിച്ചത്. ഇതിന് ശേഷമാണ് അന്വേഷണം ആവശ്യമില്ലെന്ന് എഫ്ബിഐ നിഗമനത്തിലെത്തിയത്.