മദര്‍ തെരേസയെ നാളെ വിശുദ്ധയായി പ്രഖ്യാപിക്കും
വിദേശകാര്യ മന്ത്രി സുഷമസ്വരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വത്തിക്കാനില്‍
മദര്‍ തെരേസയെ നാളെ വിശുദ്ധയായി പ്രഖ്യാപിക്കും. വത്തിക്കാനില്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് രണ്ടിനാണ് ചടങ്ങുകള്‍. വിദേശകാര്യ മന്ത്രി സുഷമസ്വരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വത്തിക്കാനില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
അഗതികളുടെ മാതാവ് മദര്‍ തെരേസയുടെ വിശുദ്ധ പ്രഖ്യാപന ചടങ്ങിന് സാക്ഷികളാവാന്‍ ലോകം വത്തിക്കാനിലേക്ക് ഒഴുകി തുടങ്ങി. ഒരു ലക്ഷം ആളുകള്‍ക്ക് ചടങ്ങ് വീക്ഷിക്കാന്‍ സൌകര്യമുണ്ടാകും. ഇതിനുള്ള പാസുകളുടെ വിതരണം പൂര്‍ത്തിയായി. എന്നാല്‍ ചടങ്ങ് നടക്കുന്ന സെന്‍റ് പീറ്റേഴ്സ് ബസലിക്കയുടെ പരിസരത്തെത്തിയവര്‍ ഇതിലുമെത്രയോ അധികം. പന്ത്രണ്ടിലധികം രാഷ്ട്രത്തലവന്‍മാര്‍ ഉള്‍പ്പെടെ പ്രമുഖരുടെ നീണ്ടനിര വിശുദ്ധ പ്രഖ്യാപനചടങ്ങില്‍ സാക്ഷികളാവും. ചടങ്ങ് ലോകത്തെ അറിയിക്കാനായി വത്തിക്കാനിലുള്ളത് അറുനൂറിലധികം മാധ്യമ പ്രവര്‍ത്തകരാണ്.
ചടങ്ങിന് മുന്നോടിയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ക്ക് ഇന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ദര്‍ശനം നല്‍കി. നാളെ വേദിയില്‍ ഉപയോഗിക്കുന്ന മദറിന്റെ ചിത്രത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ദര്‍ശനം. വൈകീട്ട് അഞ്ചിന് മദര്‍ തെരേസയെക്കെറിച്ചുള്ള വിവിധ കലാപരിപാടികളും അരങ്ങേറും. പ്രശസ്ത പോപ്പ് ഗായിക ഉഷാ ഉതുപ്പും ഈ പരിപാടിയില്‍ പങ്കെടുക്കും.
മദര്‍ തെരേസയുടെ തിരുശേഷിപ്പിന്റെ വണക്കമാണ് വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായുള്ള ഇന്നത്തെ പ്രധാന ചടങ്ങ്. വത്തിക്കാന്‍ സമയം നാളെ രാവിലെ 10.30ന് ദിവ്യ ബലി ആരംഭിക്കും. ഈ ചടങ്ങിന് മധ്യേയായിരിക്കും വിശുദ്ധ പ്രഖ്യാപനം.