സഭയിലെ ദുഷ്‍പ്രവണതകള്‍ക്കെതിരെ നടന്ന പ്രക്ഷോഭത്തിന്റെ വാര്‍ഷികത്തില്‍ മാര്‍പാപ്പയെത്തി
റോമന്‍ കത്തോലിക്ക സഭയിലെ ദുഷ്പ്രവണതകള്‍ക്കെതിരെ മാര്‍ട്ടിന്‍ ലൂഥര്‍ നടത്തിയ പ്രക്ഷോഭത്തിന്റെ വാര്‍ഷികാഘോഷം പോപ്പ് ഫ്രാന്‍സിസ് സ്വീഡനില്‍ ഉദ്ഘാടനം ചെയ്ത് ചരിത്രം കുറിച്ചു.
റോമന്‍ കത്തോലിക്ക സഭയിലെ ദുഷ്പ്രവണതകള്‍ക്കെതിരെ മാര്‍ട്ടിന്‍ ലൂഥര്‍ നടത്തിയ പ്രക്ഷോഭത്തിന്റെ വാര്‍ഷികാഘോഷം പോപ്പ് ഫ്രാന്‍സിസ് സ്വീഡനില്‍ ഉദ്ഘാടനം ചെയ്ത് ചരിത്രം കുറിച്ചു. 500 വര്‍ഷം മുന്‍പ് കത്തോലിക്കാ വിഭാഗത്തിലുണ്ടായ സുപ്രധാന പിളര്‍പ്പിന്റെ മുറിവുകളുണക്കാന്‍ സന്ദര്‍ശനം സഹാകരമാകുമെന്നാണ് വിലയിരുത്തല്‍. പോപ്പിന്റെ സന്ദര്‍ശനത്തെ പ്രൊട്ടസ്റ്റന്റ് വിഭാഗം സ്വാഗതം ചെയ്തു.
കത്തോലിക്കാ സഭയ്ക്കകത്തെ പരിഷ്കരണങ്ങള്‍ക്ക് മാര്‍ട്ടിന്‍ ലൂഥര്‍ നേതൃത്വം നല്‍കിയതോടെയാണ് സഭ പിളര്‍ന്ന് കത്തോലിക്കന്‍സും പ്രൊട്ടസ്റ്റന്‍സുമുണ്ടായത്. ഇരുവരും തെറ്റുകള്‍ പൊറുത്ത് ഒന്നിക്കണമെന്ന് പോപ്പ് ആഹ്വാനം ചെയ്തു. പ്രൊട്ടസ്റ്റന്‍സിന് ശക്തമായ സ്വാധീനമുള്ള സ്വീഡന്‍ മൂന്ന് പതിറ്റാണ്ടിനൊടുവില്‍ ആദ്യമായാണൊരു പോപ്പ് സന്ദര്‍ശിക്കുന്നത്. ദക്ഷിണ നഗരമായ ലൂണ്ടില്‍ തുടങ്ങിയ വാര്‍ഷികാഘോഷം അദ്ദേഹം ഉദ്ഘാടനം ചെയ്തു.
500 വര്‍ഷം പഴക്കമുള്ള പിളര്‍പ്പിന് ശേഷം 1965ലാണ് ഇരു സഭകളും അനുനയ ചര്‍ച്ചകള്‍ തുടങ്ങിയത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു ശേഷമായിരുന്നു ഇത്. ഈ ചര്‍ച്ചയുടെ അമ്പതാം വാര്‍ഷികാഘോഷവും തുടങ്ങാനിരിക്കെയാണ് സഭാതലവന്റെ സന്ദര്‍ശനം. ചൊവ്വാഴ്ചയാണ് മാര്‍പാപ്പ വത്തിക്കാനിലേക്ക് മടങ്ങുക.